അതിവേഗം പടരുന്ന കോവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ രാജ്യങ്ങളിൽ കണ്ടെത്തി. വടക്കൻ അയർലൻഡിലും ഇസ്രായേലിലുമാണ് പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇന്നലെയാണ് വടക്കൻ അയർലൻഡിൽ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇസ്രയേലിൽ നാലു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്നു പേർ ബ്രിട്ടനിൽ നിന്ന് എത്തിയവരാണ്.
അതിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് ബ്രിട്ടനിലെത്തിയ രണ്ടുപേരിൽ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ചതാണ് ഈ വൈറസെന്നാണ് സൂചന. കൂടുതൽ വ്യാപനശേഷിയുളള വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ പടർന്ന് പിടിക്കുന്നതിനിടയിലാണ് വൈറസിന്റെ ഏറ്റവും പുതിയ വകഭേദവും ബ്രിട്ടനിൽ സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നിന്നുളള വിമാനങ്ങൾക്കും യാത്രക്കാർക്കും ബ്രിട്ടൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കിടെ ദക്ഷിണാഫ്രിക്കയിൽ നിന്ന് രാജ്യത്തെത്തിയ എല്ലാവരോടും കൊവിഡ് പരിശോധന നടത്താൻ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുളള രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ചികിത്സ തേടണമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ വാക്സിൻ വൈറസിന്റെ പുതിയ വകദേഭത്തിനും ഫലപ്രദമെന്നാണ് മൊഡേണ കമ്പനിയുടെ അവകാശവാദം.
അതിനിടെ ഇന്ത്യയിൽ കൂടുതൽ പേരിൽ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനിൽ നിന്നോ ബ്രിട്ടൻ വഴിയോ ഡൽഹിയിലെത്തിയ 11 പേർക്കും അമൃതസറിലെത്തിയ എട്ട് പേർക്കും കൊൽക്കത്തയിലെത്തിയ രണ്ട് പേർക്കും ചെന്നൈയിലെത്തിയ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ നാലാഴ്ചയായി ബ്രിട്ടനിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും അധികൃതർ നിരീക്ഷിച്ചു വരികയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മടങ്ങിയെത്തിയ എല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ നിർദേശം നൽകിയിരുന്നു. പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ബ്രിട്ടനിൽ നിന്നുള്ള മുഴുവൻ വിമാന സർവീസുകളും ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ഈമാസം 31 വരെ റദ്ദാക്കിയിട്ടുണ്ട്.