ഓക്‌സ്ഫോര്‍ഡ് കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്

ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട് . വാക്സിൻ പ്രയോഗിച്ച ആളുകളിൽ കൊറോണ വൈറസിനെതിരെ ശരീരം പ്രതിരോധം ആർജിച്ചതായി പരീക്ഷണത്തിൽ തെളിഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

1,077 പേരിലാണ് പരീക്ഷണം നടന്നത്. ഇവരിൽ വൈറസിനെതിരായ ആന്റിബോഡി ശരീരം ഉത്പാദിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. വാക്സിന്റെ പരീക്ഷണ ഫലങ്ങൾ ശുഭസൂചന തരുന്നുവെങ്കിലും വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ChAdOx1 nCoV-19 എന്നാണ് വാക്സിന്റെ പേര്.

മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാൻസെറ്റ് മെഡിക്കൽ ജേണലാണ് പ്രസിദ്ധീകരിച്ചത്. അതേസമയം വാക്സിൻ ശുഭസൂചനകൾ നൽകുന്ന വാർത്തകൾക്ക് പിന്നാലെ ഇതിന്റെ ഒരുകോടി ഡോസുകൾ ബ്രിട്ടൺ ഓർഡർ ചെയ്തിട്ടുണ്ട്.

ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായാണ് വാക്സിൻ വികസിപ്പിച്ചത്. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞുനിർത്താനുള്ള വാക്സിന്റെ ഫലത്തേപ്പറ്റി ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

അതേ സമയം വാക്സിൻ എന്ന് വിപണയിൽ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോൾ പറയാനാവില്ലെന്നും അധികൃതർ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയിൽ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോർട്ടുകൾ.