എബോളയ്ക്ക് സമാനമായ ചപാരെ വൈറസ് മനുഷ്യരിലേക്ക് പടരുന്നു

എബോളയ്ക്ക് സമാനമായി മസ്തിഷ്ക ജ്വരത്തിന് കാരണമാകുന്ന ചപാരെ വൈറസ് ശരീര ദ്രവങ്ങളിലൂടെ മനുഷ്യരിലേക്ക് പകരുമെന്ന് പുതിയ കണ്ടെത്തല്‍. ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളീവിയയിലാണ് ചപാരെ വൈറസ് ബാധയെ തുടര്‍ന്നുണ്ടാകുന്ന അപൂര്‍വ ഗുരുതര രോഗം ചപാരെ ഹെമറേജിക് ഫീവര്‍ ആദ്യമായി തിരിച്ചറിഞ്ഞത്.

യുണൈറ്റഡ് സ്‌റ്റേറ്റ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായി ഈ വൈറസ് പൊട്ടിപുറപ്പെടുന്നത് 2004 ല്‍ ബൊളീവിയയിലാണ്. തലസ്ഥാനമായ ലാപസിന്റെ കിഴക്ക് സ്ഥിതി ചെയ്യുന്ന ചപാരെയിലാണ് ചെറിയതോതിലുളള വൈറസ് വ്യാപനം കണ്ടെത്തിയത്.
എലികളില്‍ നിന്നാണ് വൈറസ് പൊട്ടിപുറപ്പുടന്നതെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് ഇവ മനുഷ്യരിലേക്ക് എത്തിയതാവാമെന്നാണ് കരുതപ്പെടുന്നത്. രോഗത്തിന് പ്രത്യേകിച്ച് മരുന്ന് ഇല്ലാത്തതിനാല്‍ ആരോഗ്യനില വഷളാകാതിരിക്കാൻ മറ്റു മരുന്നുകള്‍ നല്‍കുക മാത്രമേ വഴിയുളളൂ.

2019 ല്‍ ലാപസില്‍ രണ്ട് രോഗികളില്‍ നിന്ന് മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം പിടിപ്പെട്ടിരുന്നു. ഇതില്‍ ഒരു രോഗിയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും മരിക്കുകയും ചെയ്തു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വേണ്ടി ലോകമെമ്പാടും വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ വൈറസിന്റെ വരവ്.