നഗരസഭ എൽഡിഎഫ് സ്ഥാനാർഥി പട്ടികയിൽ നിന്നും സി.പി.ഐ എം കൽപ്പറ്റയിലെ സജീവ പ്രവർത്തകനും പത്തൊമ്പതാം വാർഡ് കൗൺസിലറുമായ വി. ഹാരിസിനെ തഴഞ്ഞതിൽ വ്യാപക പ്രതിഷേധം. കഴിഞ്ഞ അഞ്ചുവർഷവും കൽപ്പറ്റ നഗരസഭയിൽ ഇടതുപക്ഷത്തിനു വേണ്ടി സജീവമായി പ്രവർത്തിച്ച ആളാണ് ഹാരിസ്. ആദ്യ രണ്ടരവർഷം പ്രതിപക്ഷത്തിരുന്നപ്പോഴും പിന്നീടുള്ള രണ്ടര വർഷം നഗരസഭാ ഭരണം നടത്തിയപ്പോഴും മുൻനിരയിൽ നിന്നും പ്രവർത്തിച്ച ഹാരിസിൻ്റെ പ്രവർത്തനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മുഴുവൻസമയ പ്രവർത്തകനായ ഹാരിസ് നഗരസഭ ചെയർപേഴ്സൻ്റെ റോളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അതിനാൽ തന്നെ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞു. ഏറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്ന ടൗൺ നവീകരണം ഹാരിസിൻ്റെ ഇടപെടലിനെ തുടർന്ന് സുഖകരമായി പുരോഗമിച്ചു വരികയാണ്. ഇതിനിടയിലാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഹാരിസിനെ തഴയുന്നത്. കൽപ്പറ്റ നഗരസഭയിൽ ഇടതുപക്ഷം അധികാരത്തിലെത്തിയാൽ ചെയർമാൻ പദവി ഉൾപ്പെടെ ലഭിക്കാൻ സാധ്യതയുള്ള ആൾ കൂടിയാണ് ഹാരിസ്.
The Best Online Portal in Malayalam