കാബൂൾ ഡ്രോൺ ആക്രമണത്തിൽ മരിച്ചത് പത്തംഗ കുടുംബം; കുറ്റസമ്മതം നടത്തി അമേരിക്ക

 

കാബൂളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ പത്തംഗ കുടുംബം കൊല്ലപ്പെട്ടതിൽ തെറ്റ് സമ്മതിച്ച് അമേരിക്ക. നിരീക്ഷണ ഡ്രോണുകൾക്ക് പറ്റിയ പിഴവാണ് കാരണമെന്ന് യു എസ് സെൻട്രൽ കമാൻഡ് വിശദീകരിക്കുന്നു. കാബൂൾ വിമാനത്താവളത്തിലെ ചാവേറാക്രമണത്തിന് പകരമായാണ് യു എസ് ഐ എസ് തീവ്രവാദികളെ ലക്ഷ്യം വെച്ച് ഡ്രോൺ ആക്രമണം നടത്തിയത്. എന്നാൽ ഇത് ലക്ഷ്യം തെറ്റി പത്തംഗ കുടുംബത്തിന് നേരെ പതിക്കുകയായിരുന്നു

കാറിൽ സ്‌ഫോടനവസ്തുക്കൾ നിറച്ചെത്തിയ ചാവേറിനെ ഇല്ലാതാക്കി എന്നായിരുന്നു അമേരിക്ക ആദ്യം അവകാശപ്പെട്ടത്. എന്നാൽ ഇത് തെറ്റാണെന്ന് സെൻട്രൽ കമാൻഡ് അന്വേഷണത്തിൽ കണ്ടെത്തി. സന്നദ്ധ പ്രവർത്തകനായ സയ്മരി അക്ദമിയും കുടുംബത്തിലെ കുട്ടികളടക്കമുള്ള പത്ത് പേരുമാണ് ആക്രമണത്തിൽ മരിച്ചത്.

എല്ലാ തയ്യാറെടുപ്പും പൂർത്തിയാക്കി അമേരിക്കയിലെക്ക് പുറപ്പെടാനിരിക്കെയാണ് യുഎസ് ഡ്രോൺ ഇവരുടെ മേൽ പതിച്ചത്. കാറിൽ വെള്ളക്കുപ്പികൾ കയറ്റുമ്പോൾ സ്‌ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് അമേരിക്ക കുറ്റസമ്മതം നടത്തുന്നത്‌