റഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങൾ! അമേരിക്കൻ നഗരങ്ങളിലെ സ്ഥിതി അതീവ ഗുരുതരം

ടെക്‌സസ്: കൊറോണ വൈറസ് വ്യാപനത്തെ ഏറ്റവും അധികം പുച്ഛിച്ചിരുന്നത് ഒരുവേള അമേരിക്കക്കാര്‍ ആയിരുന്നു. എന്നാല്‍ ഇന്ന് ലോകത്ത് ഏറ്റവും അധികം കൊവിഡ് രോഗബാധിതരുളള രാജ്യവും ഏറ്റവും അധികം കൊവിഡ് മരണങ്ങള്‍ നടന്ന രാജ്യവും അമേരിക്കയാണ്. മുപ്പത്തിയേഴ് ലക്ഷത്തിലധികം രോഗികളും ഒന്നര ലക്ഷത്തിനടുത്ത് മരണങ്ങളും.

ന്യൂയോര്‍ക്ക് ആയിരുന്നു ആദ്യഘട്ടത്തില്‍ ഏറ്റവും അധികം രോഗബാധയുണ്ടായ നഗരം. ആശുപത്രികളും ചികിത്സാ സംവിധാനങ്ങളും തികയാതെ അവിടെ നരകജീവിതം ആയിരുന്നു ഏറെനാള്‍. മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങളെല്ലാം നിറഞ്ഞുകവിയുകയും ഒടുവില്‍ റെഫ്രിജറേറ്റഡ് ട്രക്കുകളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കേണ്ട സഹചര്യവും വന്നു.
ന്യൂയോര്‍ക്കിലെ സ്ഥിതി ഇപ്പോഴും പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല. അതിനിടയിലാണ് മറ്റ് നഗരങ്ങളില്‍ കൂടി സമാനമായ സ്ഥിതിവിശേഷങ്ങള്‍ സംജാതമായിരിക്കുന്നത്.

ന്യൂയോര്‍ക്കിന് ശേഷം മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്‍ പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളാണ് ടെക്‌സസും അരിസോണയും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മോര്‍ച്ചറികളും ശവപ്പുരകളും എല്ലാം ഇവിടങ്ങളിലും നിറഞ്ഞുകവിഞ്ഞിരിക്കുകയാണത്രെ. മരണത്തിന്റേയും രോഗവ്യാപനത്തിന്റേയും കണക്കില്‍ കാലിഫോര്‍ണിയയും ന്യൂ ജേഴ്‌സിയും ഫ്‌ലോറിഡയും ഒക്കെയാണ് ന്യൂയോര്‍ക്കിന് പിറകിലുള്ളത്