ഇന്തോനേഷ്യയിലെ ജാവ ദ്വീപിലെ സെമെരു അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 34 ആയി. അപകടത്തിൽ കാണാതായ 16 പേർക്കുള്ള തെരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു.
കിഴക്കൻ ജാവ പ്രവിശ്യയിലെ ലുമാജാങ് ജില്ലയിലാണ് സെമേരു പർവതം സ്ഥിതിചെയ്യുന്നത്. ശനിയാഴ്ചയാണ് പർവ്വതം പൊട്ടിത്തെറിച്ചത്. നിമിഷങ്ങൾക്കകം തെരുവുകൾ മുഴുവൻ ചെളിയും ചാരവും കൊണ്ടു നിറഞ്ഞു. നിരവധി ഗ്രാമങ്ങളിലെ വീടുകളും വാഹനങ്ങളും ഇതിൽ മുങ്ങിപോയി. ഏകദേശം 3,700 പേരെ ദുരിതബാധിത പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.അഗ്‌നിപർവ്വത സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നും തകർന്ന കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയിൽ ആളുകൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകായണ്. ഉദ്യോഗസ്ഥരെ സഹായിക്കാനായി നായ്ക്കളെയും വിന്യസിച്ചിട്ടുണ്ടെന്ന് പ്രാദേശിക രക്ഷാപ്രവർത്തന ഏജൻസിയുടെ തലവൻ വയാൻ സുയത്‌ന പറഞ്ഞു.
ശനിയാഴ്ച മുതൽ മൗണ്ട് സെമെരു പൊട്ടിതെറിച്ചുകൊണ്ടിരിക്കുയാണ്. ചൊവ്വാഴ്ച മൂന്ന് തവണ ചെറിയ പൊട്ടിത്തെറികൾ ഉണ്ടായി. ഓരോ പൊട്ടിത്തെറിയിലും ഒരു കിലോമീറ്റർ ഉയരത്തിലേക്ക് ചാരം തുപ്പുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഈ പ്രദേശങ്ങളിലെ വായു മലിനമായതിനാൽ സെമേരുവിന്റെ അഞ്ചുകിലോമീറ്റർ പരിധിയിലേക്ക് യാത്രചെയ്യരുതന്നെ് ഉദ്യോഗസ്ഥർ പ്രദേശവാസികളോട് നിർദേശിച്ചിട്ടുണ്ട്. 270 മില്യൻ ജനങ്ങളാണ് ഇന്ത്യോനേഷ്യ ദ്വീപ് സമൂഹത്തിൽ ജീവിക്കുന്നത്.