ഡെല്‍റ്റയോളം രോഗതീവ്രതയില്ല ഒമിക്രോണിന്, എന്നാല്‍ വ്യാപനശേഷി കൂടുതലെന്ന് വിദഗ്ധര്‍

കോവിഡിന്‍റെ ഡെൽറ്റ വകഭേദത്തോളം അപകടകാരിയല്ല ഒമിക്രോണെന്ന് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍. നിലവില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രോഗലക്ഷണങ്ങള്‍ അത്ര രൂക്ഷമല്ല. ഏതാനും ആഴ്ച കൂടി കഴിഞ്ഞാല്‍ മാത്രമേ രോഗതീവ്രത സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം ലഭിക്കൂ.

രോഗതീവ്രത, വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത, കോവിഡ് വാക്സിന്‍ എത്രത്തോളം ഫലപ്രദം എന്നീ കാര്യങ്ങളാണ് പഠനവിധേയമാക്കിയത്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവായ ആന്‍റണി ഫൌസിയാണ് പഠനത്തിലെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയത്.

പുതിയ വകഭേദം തീർച്ചയായും മറ്റ് വകഭേദങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ പകരുന്നതാണെന്ന് ഫൌസി പറഞ്ഞു. എന്നാല്‍ ഡെല്‍റ്റ വകഭേദത്തോളം രോഗതീവ്രതയില്ല ഒമിക്രോണിന് എന്നാണ് ഇപ്പോഴത്തെ നിഗമനം. ദക്ഷിണാഫ്രിക്കയിലെ കേസുകൾ പരിശോധിക്കുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണം കുറവാണ്. ഡെല്‍റ്റ വ്യാപന സമയത്ത് ഇതായിരുന്നില്ല അവസ്ഥ. രോഗം ഗുരുതരമാകുന്ന ആളുകളുടെ എണ്ണം കൂടുതലായിരുന്നു. രണ്ടാഴ്ച കൂടി കഴിയുമ്പോൾ മാത്രമേ ഒമിക്രോൺ വകഭേദത്തിന്‍റെ പ്രത്യാഘാതങ്ങൾ എന്തെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയൂ എന്നും ഫൌസി വിശദീകരിച്ചു.

നവംബറിലാണ് ഒമിക്രോണ്‍ എന്ന വകഭേദം ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ മറ്റുരാജ്യങ്ങളിലും ഈ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 38 രാജ്യങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചു. രോഗവ്യാപനശേഷിയും രോഗതീവ്രതയും കൂടുന്ന അവസ്ഥയുണ്ടായാല്‍ അത് മറ്റൊരു കോവിഡ് തരംഗത്തിനു വഴിവെക്കുമെന്ന് ഫൌസി പറയുന്നു.