യുകെയില്‍ കോവിഡ് 19 വാക്‌സിന്റെ ആദ്യ ബാച്ചുകളെത്തിയെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. പിഫിസര്‍-ബയോ എന്‍ടെക് വാക്‌സിനുകളുടെ ഡോസുകളാണ് ഇത് പ്രകാരം എത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു സ്ഥലത്തെ സെന്‍ട്രല്‍ ഹബിലാണ് ഡോസുകളെത്തിയിരിക്കുന്നതെന്നാണ് സൂചന. ഈ വാക്‌സിന്‍ ഡോസുകള്‍ അധികം വൈകാതെ യുകെയിലാകമാനമുള്ള ഹോസ്പിറ്റല്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ വിതരണം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തെ 20 മില്യണ്‍ പേരെ വാക്‌സിനേഷന് വിധേയമാക്കുന്നതിനായി യുകെ 40 മില്യണ്‍ ഡോസുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. വാക്‌സിനേഷന്റെ ആദ്യ തരംഗത്തിലൂടെ തന്നെ കോവിഡ് ഹോസ്പിറ്റല്‍ അഡ്മിഷനുകളുടെയും കോവിഡ് മരണങ്ങളുടെയും 99 ശതമാനത്തെയും പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രഫ. ജോനാതന്‍ വാന്‍-ടാം പറയുന്നത്. ആദ്യ മുന്‍ഗണനാ ലിസ്റ്റിലുള്ള ഏവര്‍ക്കും ഉടന്‍ വാക്‌സിന്‍ നല്‍കാന്‍ സാധിക്കുമെന്നും വളരെ ഫലപ്രദമായ വാക്‌സിനാണിതെന്നും ജോനാതന്‍ വെളിപ്പെടുത്തുന്നു.
വാക്‌സിന്‍ ഏറ്റവും വേഗത്തില്‍ വിതരണം ചെയ്യുന്നതിന് വര്‍ധിച്ച മുന്‍ഗണനയാണേകുന്നതെന്നും സാധ്യമായ വിധത്തില്‍ പരമാവധി ഡോസുകള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രയോറിറ്റി ലിസ്റ്റില്‍ അല്‍പം അയവ് വരുത്തേണ്ടിയിരിക്കുന്നുവെന്ന കാര്യം അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. ബെല്‍ജിയത്തില്‍ നിര്‍മിച്ചിരിക്കുന്ന പിഫിസര്‍-ബയോ എന്‍ടെക് വാക്‌സിന്‍ യൂറോടണല്‍ വഴിയാണ് യുകെയിലെത്തിച്ചിരിക്കുന്നത്.
ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍ (ജെസിവിഐ) മുന്നോട്ട് വച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം ആര്‍ക്കൊക്കെയാണ് വാക്‌സിന്‍ നല്‍കേണ്ടതെന്ന തീരുമാനത്തില്‍ അധികൃതരെത്തിയിരിക്കുന്നത്. ഇത് പ്രകാരം കെയര്‍ ഹോമുകളിലെ അന്തേവാസികളും ജീവനക്കാരും മുന്‍ഗണനാ ലിസ്റ്റില്‍ ആദ്യം സ്ഥാനം പിടിച്ചിട്ടുണ്ട്. കോവിഡ് പിടിപെടാന്‍ ഇവര്‍ കൂടുതല്‍ വള്‍നറബിളായതിനാലാണിത്. ഇവരെ കൂടാതെ 80 വയസ് പിന്നിട്ടവര്‍ക്കും ഹെല്‍ത്ത് ആന്‍ഡ് കെയര്‍ സ്റ്റാഫുകള്‍ക്കും ആദ്യം വാക്‌സിന്‍ നല്‍കും.
കൂടാതെ എന്‍എച്ച്എസിലെ ജീവനക്കാര്‍ക്കും രോഗികള്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതായിരിക്കും. വാക്‌സിന്‍ മൈനസ് 70 ഡിഗ്രി താലനിലയില്‍ സൂക്ഷിക്കാനടക്കമുള്ള സംവിധാനങ്ങള്‍ ഹോസ്പിറ്റലുകളില്‍ ഒരുക്കിയിട്ടുണ്ട്. ഹോസ്പിറ്റലുകള്‍ക്ക് പുറമെ ജിപി സര്‍ജറികള്‍ പതിവ് സര്‍വീസുകള്‍ നിര്‍ത്തി വച്ച് വാക്‌സിന്‍ വിതരണത്തില്‍ അണിചേരും. ആര്‍മിയുടെ സഹായത്തോടെയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. വാക്‌സിന്‍ വിതരണത്തിനായി ഇതിന് പുറമെ പ്രത്യേകം സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്.