ഇതാണ് ലേലത്തില്‍ നാല് ലക്ഷം രൂപയ്ക്ക് വിറ്റുപോയ നാലിലയുള്ള ചെടി

ഫിലോഡെൻഡ്രോൺ മിനിമ-വെറും നാലിലയുള്ള കുഞ്ഞൻചെടി. പേരിൽ ഒരു മിനിമം ഉണ്ടെങ്കിലും ഈ ചെടി ലേലത്തിൽ നേടിയ വില കേട്ടാൽ ആളൊരു വമ്പനാണെന്ന് പിടികിട്ടും. നാല് ലക്ഷം രൂപയ്ക്കാണ് ന്യൂസിലാൻഡിൽ ഈ അപൂർവയിനം ചെടി വിറ്റു പോയത്. റാഫിഡൊഫോറ ടെട്രാസ്പെർമ(Rhaphidophora tetrasperma) എന്ന വിഭാഗത്തിൽ പെടുന്നതാണ് ഈ അലങ്കാരച്ചെടി.

ഇലകളിൽ മഞ്ഞയും പച്ചയും നിറങ്ങളുണ്ട് ഫിലോഡെൻഡ്രോൺ മിനിമ(Philodendron Minima)യ്ക്ക്. ഇലകളുടെ പകുതി ഭാഗം മഞ്ഞയും പകുതി പച്ചയും നിറമുള്ള ഈ ചെടിയ്ക്ക് വേണ്ടി ന്യൂസിലാൻഡിലെ പ്രമുഖ വ്യാപാര വെബ്സൈറ്റായ ‘ട്രേഡ് മീ'(Trade Me) യിൽ വലിയ ലേലംവിളിയാണ് നടന്നത്. അവസാനം 8,150 ന്യൂസിലാൻഡ് ഡോളറിന് ചെടി വിറ്റു.

നാനാവർണത്തിലുള്ള ചെടികൾ അപൂർവമാണെന്നതിനപ്പുറം വളരെ പതുക്കെയാണ് ഇവയുടെ വളർച്ചയെന്നതും ഇവയെ പ്രിയങ്കരമാക്കുന്നു. പ്രകൃത്യാ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ ഇൻഡോർ പ്ലാന്റിന് ആരാധകരേറെയാണ്. ഇലകളിലെ ഹരിതകമാണ് പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്നത്. വളർച്ചയ്ക്കും ചെടിയുടെ പരിപാലനത്തിനും ആവശ്യമായ വിവിധ ഗ്ലൂക്കോസുകൾ ഉത്പാദിപ്പിക്കപ്പെടുന്നത് ഇലകളിലെ പച്ച നിറമുള്ള ഭാഗത്താണ്.

പച്ച നിറമുള്ള തണ്ടിൽ കാണപ്പെടുന്ന ഇലകൾക്ക് വളർച്ചക്കനുസൃതമായി ചിലപ്പോൾ പച്ച നിറം മാത്രമായിത്തീരാനുള്ള സാധ്യതയുണ്ടെന്നും എന്നാൽ ഈ ചെടിയെ കുറിച്ച് വ്യക്തമായ ധാരണയുള്ള വ്യക്തിയാണ് ഇത്രയധികം വില നൽകി ചെടിയെ സ്വന്തമാക്കിയതെന്നും എൻസെഡ് ഗാർഡറിന്റെ(NZ Gardener) എഡിറ്റർ ജോ മക് കരോൾ പറഞ്ഞു. ചെടിയിൽ നിന്നുണ്ടാവുന്ന പുതിയ ചെടികൾ വിറ്റ് വരുമാനമുണ്ടാക്കുകയായിരിക്കും വാങ്ങിയ ആളിന്റെ ലക്ഷ്യമെന്നും ജോ കൂട്ടിച്ചേർത്തു.