യുക്രൈന് 70 യുദ്ധ വിമാനങ്ങൾ നൽകുമെന്ന് യൂറോപ്യൻ യൂണിയൻ. റഷ്യൻ നിർമിത വിമാനങ്ങളാകും നൽകുക. 16 മിഗ്-29 വിമാനങ്ങളും, 14 സു- 25 വിമാനങ്ങളും ബൾഗേരിയയാണ് നൽകുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ് -29 വിമാനങ്ങളും നൽകും.
യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നൽകാമെന്ന് യൂറോപ്യൻ യൂണിയൻ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറൽ അറിയിച്ചിരുന്നു. യുദ്ധ വിമാനങ്ങൾക്ക് പുറമെ, ആന്റി-ആർമർ റോക്കറ്റുകൾ, മെഷീൻ ഗൺ, ആർട്ടില്ലറി എന്നിവയും നൽകും.
പോളണ്ട്, എസ്‌റ്റോണിയ, ലാത്വിയ എന്നീ രാജ്യങ്ങളായിരുന്നു യുക്രൈന് ആദ്യമായി ആയുധങ്ങൾ എത്തിച്ചുനൽകിയ രാജ്യങ്ങൾ. ആയുധങ്ങൾ മാത്രമല്ല, ഇന്ധനം, മരുന്നുകൾ എന്നിവയും ഈ രാജ്യങ്ങൾ നൽകിയിരുന്നു. ഇതിന് പിന്നാലെ ഫിൻലാൻഡ് 2,500 അസ്സോൾട്ട് റൈഫിളുകൾ, 1,500 ആന്റി-ടാങ്ക് ആയുധങ്ങൾ, 70,000 റേഷൻ പാക്കേജുകളും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ സ്വീഡനും സഹായ വാഗ്ദാനവുമായി രംഗത്തുവന്നു. 5000 ഹെൽമെറ്റുകൾ, ബോഡ് ആർമറുകൾ, 5000 ആന്റി-ടാങ്ക് വെപ്പണുകൾ എന്നിവയാണ് സ്വീഡൻ നൽകിയത്.