ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ആശങ്കാജനകം: കേരള പ്രവാസി സംഘം

 

കൽപറ്റ: രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ആശങ്കാജനകമാണെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പാടെ താളം തെറ്റിക്കുന്ന നടപടികളാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മദ്യം ഉപയോഗിക്കുന്നതിൽ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളും എടുത്തുകളയുകയുണ്ടായി. മത്സ്യത്തൊഴിലാളികള്‍ അവരുടെ വലകളും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ അഡ്മിനിസ്‌ട്രേഷന്‍ പൊളിച്ചുമാറ്റുകയാണുണ്ടായത്.

ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38ഓളം അംഗനവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസംവകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി.

ദ്വീപുകാര്‍ വര്‍ഷങ്ങളായി ചരക്കുഗതാഗതത്തിനും മറ്റും ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി. ഏകാധിപതിയെപ്പോലെ തന്നിഷ്ടത്തിന് നിയമങ്ങളെല്ലാം മാറ്റിമറിക്കുന്ന ഈ അഡ്മിനിസ്ട്രേട്ടറെ എത്രയും വേഗം തിരിച്ചുവിളിക്കണമെന്നും അദ്ദേഹത്തിന്റെ ഭരണത്തിൽ നിലവിൽ വന്ന മുഴുവൻ ജന തീരുമാനങ്ങളും പുനഃപരിശോധിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ ടി അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം സി അബു, സംസ്ഥാന സെക്രട്ടറി ശ്രീകൃഷ്ണപിള്ള, ജില്ലാ സെക്രട്ടറി കെ കെ നാണു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സരുൺ മാണി പ്രമേയം അവതരിപ്പിച്ചു.