സുൽത്താൻ ബത്തേരി : ബീനാച്ചി-കട്ടയാട് പ്രദേശങ്ങളിലെ ജനവാസകേന്ദ്രത്തിൽ കടുവകളെ കൂട്ടത്തോടെ കണ്ടത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.വെള്ളിയാഴ്ച വൈകിട്ടാണ് ഭാരതീയ വിദ്യാഭവൻ സ്‌കൂളിന് സമീപത്തായി രണ്ട് വലിയ കടുവയേയും ഒരു കുഞ്ഞിനെയും നാട്ടുകാർ കണ്ടത്. പ്രദേശത്ത് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കടുവയുടെ സാന്നിദ്ധ്യം കണ്ടു വരുന്നതായി നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശവാസികളായ ചിലരുടെ വളർത്തുമൃഗങ്ങളെ കാണാതായതോടെ ഇതിനെ കടുവ പിടികൂടി ഭക്ഷിച്ചതാകാമെന്ന സംശയം ഉയർന്നിരുന്നു. ഇതോടെ നാട്ടുകാർ രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് കാവലിരിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് വലിയകാലായിൽ ജെയിംസ് ജോർജ് എന്തോ ശബ്ദം കേട്ട്‌വീടിന്റെ മുകൾ നിലയിൽ കയറി തോട്ടത്തിലേക്ക് ടോർച്ചടിച്ച് നോക്കിയപ്പോഴാണ് രണ്ട് കടുവകളെ കണ്ടത്. ഇത് റോഡ് മുറിച്ച് കടന്ന് അടുത്ത തോട്ടത്തിലേക്ക് പോവുകയും ചെയ്തു. മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ മറ്റൊരു കടുവകൂടി ആദ്യം പോയ കടുവയുടെ പിന്നാലെ പോകുകയും ചെയ്തു.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുമ്പാണ് ബീനാച്ചി എസ്റ്റേറ്റിനോട് ചേർന്ന് ഒരു കുഞ്ഞ് ഉൾപ്പെടെ മൂന്ന് കടുവകളെ ജനവാസകേന്ദ്രത്തിൽ പകൽ സമയം കണ്ടെത്തിയത്. വനപാലകരെത്തി ഇതിനെ എസ്റ്റേറ്റിലെ വനമേഖലയിലേക്ക് ഓടിച്ച് വിടുകയായിരുന്നു. അതിന്‌ശേഷം പ്രദേശത്ത് കാര്യമായ കടുവ ശല്യം ഉണ്ടായിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയായി വീണ്ടും കടുവ ശല്യം വർദ്ധിച്ചു. വളർത്തു മൃഗങ്ങളെ കടുവ പിടികൂടാൻ തുടങ്ങിയതോടെ പ്രദേശത്തെ ജനങ്ങൾ അവരവരുടെ വളർത്തുമൃഗങ്ങളായ ആടുകളെയെല്ലാം കിട്ടുന്ന വിലക്ക് വിൽക്കുകയാണ് ചെയ്യുന്നതെന്ന് പ്രദേശവാസിയായ മച്ചിങ്ങൽ ജസീർ പറഞ്ഞു.
കടുവ ശല്യം രൂക്ഷമായതോടെ ആളുകൾ ഇപ്പോൾ പകൽ സമയവും പുറത്തിറങ്ങാൻ ഭയക്കുകയാണ്. കടുവയെ എത്രയും വേഗം പിടികൂടി ജനങ്ങളുടെ ഭീതി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കടുവ ഇറങ്ങിയ വിവരമറിഞ്ഞതിനെതുടർന്ന് സ്ഥലത്ത് വനപാലകരെത്തുകയും കടുവയുടെ സാന്നിദ്ധ്യം പ്രദേശത്ത് ഉള്ളതായി കണ്ടെത്തുകയും ചെയ്തു. ജനങ്ങളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെടുകയും വീട്ടിൽ നിന്ന് രാത്രി സമയങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും വനപാലകർ മുന്നറിയിപ്പ് നൽകി. കടുവയുടെ സാന്നിദ്ധ്യം കണ്ട പ്രദേശങ്ങളിൽ വനപാലകരെ നിരീക്ഷണത്തിനായി നിയോഗിക്കാമെന്നും സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളോട് പറഞ്ഞു.കടുവ ഇറങ്ങിയ വിവരമറിഞ്ഞ് സ്ഥലം എം.എൽ.എയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ ഐ.സി.ബാലകൃഷ്ണനും സ്ഥലത്തെത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് വനപാലകരോട് ആവശ്യപ്പെടുകയും ചെയ്തു.