കരൂര്‍ ദുരന്തത്തിന് ശേഷം മൗനം വെടിഞ്ഞ് നടന്‍ വിജയ്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും സത്യം പുറത്തുവരുമെന്നും ആദ്യ വിഡിയോ സന്ദേശത്തില്‍ ടിവികെ അധ്യക്ഷന്‍ പറഞ്ഞു. കുറ്റമെല്ലാം തന്റെ മേല്‍ ആരോപിക്കാമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും വിജയ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. കരൂരില്‍ മാത്രം ദുരന്തമുണ്ടായത് എങ്ങനെ എന്ന സംശയം ഉന്നയിച്ച് ഗൂഡാലോചന സൂചന നല്‍കിയാണ് സന്ദേശം. തന്റെ വേദന മനസിലാക്കി ഒപ്പം നിന്നവര്‍ക്ക് നന്ദി എന്നും വിജയ്‌യുടെ വിഡിയോ സന്ദേശത്തില്‍ പറയുന്നു.
ജീവിതത്തില്‍ ഇത്രയും വേദനാജനകമായ ഒരു അനുഭവം ഉണ്ടായിട്ടേയില്ല. മനസ് മുഴുവന്‍ വേദനയാണ്. വേദന മാത്രമാണ്. ജനങ്ങള്‍ എന്നെ കാണാന്‍ വരുന്നത് സ്‌നേഹം കൊണ്ടാണ്. ആ സ്‌നേഹത്തോട് കടപ്പെട്ടിരിക്കുന്നു. എല്ലാത്തിനും മുകളില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നടക്കാന്‍ പാടില്ലാത്തത് നടന്നു. ആശുപത്രിയില്‍ പോയാല്‍ കൂടുതല്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നു. അതിനാല്‍ ആണ് പോകാതിരുന്നത്. ഉറ്റവരെ നഷ്ടപ്പെടുന്നവരുടെ വേദനയ്ക്ക് ഒന്നു പകരമാകില്ലെന്ന് അറിയാം. വേദനയ്ക്ക് ഒപ്പം നിന്നവര്‍ക്ക് നന്ദി. എല്ലാ സത്യവും പുറത്ത് വരും – വിജയ് പറഞ്ഞു. സിഎം സാര്‍…. കുറ്റം എനിക്ക് മേല്‍ വച്ചോളൂ. : പാര്‍ട്ടിപ്രവര്‍ത്തരെ വേട്ടയാടരുത് – വിജയ് പറയുന്നു.
അഞ്ച് ജില്ലകളില്‍ പര്യടനം നടത്തിയിട്ടും ഒന്നും സംഭവിച്ചില്ലെന്നും കരൂരില്‍ എങ്ങനെ ഇതുണ്ടായെന്നും വിജയ് ചോദിക്കുന്നു. എല്ലാം ജനങ്ങള്‍ക്ക് അറിയാമെന്നും അവര്‍ സത്യം പറയുന്നുണ്ടെന്നും വിജയ് ചൂണ്ടിക്കാട്ടി.
അതിനിടെ, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍, കരൂര്‍ സൗത്ത് സിറ്റി ട്രഷറര്‍ പൗന്‍രാജ് എന്നിവര്‍ റിമാന്‍ഡില്‍. കരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് കോടതിയുടേതാണ് ഉത്തരവ്. രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. വിജയിയെ കാണാന്‍ പാര്‍ട്ടിക്കാരല്ലാത്തവരും വരുമെന്ന് അറിഞ്ഞു കൂടെയെന്നും പതിനായിരം പേര്‍ വരുമെന്ന് പിന്നെ എങ്ങനെ കണക്ക് കൂട്ടിയെന്നും കോടതി ചോദിച്ചു. രൂക്ഷമായ വാദപ്രതിവാദമാണ് കോടതിയില്‍ നടന്നത്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ടിവികെ വ്യക്തമാക്കുന്നു.