Headlines

ട്രെയിനില്‍ നിന്ന് വീണ് കാല് അറ്റുപോയ സംഭവം; സിദ്ധാര്‍ത്ഥ് കെ ഭട്ടതിരിക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ട്രെയിനില്‍ നിന്ന് വീണ് കാല് അറ്റു പോയ സംഭവത്തില്‍ യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. മൂന്നുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥ് കെ ഭട്ടതിരി ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയത്. സ്വയം വരുത്തിവെച്ച പരുക്കെന്ന് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ നിയമ പോരാട്ടം.2022 നവംബര്‍ 19 ആയിരുന്നു മാധ്യമപ്രവര്‍ത്തകനായ സിദ്ധാര്‍ത്ഥ് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ഗുജറാത്തിലെ സൂറത്തില്‍ വച്ച് അപകടത്തില്‍പ്പെടുന്നത്. സിദ്ധാര്‍ത്ഥ് സഞ്ചരിച്ച ട്രെയിനില്‍ പാന്‍ട്രി ഇല്ലാത്തതിനാല്‍ ഭക്ഷണം വാങ്ങാനായി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി തിരിച്ചു കയറുന്നതിനിടയിലാണ് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് വഴുതി വീണത്. അപകടത്തില്‍ സിദ്ധാര്‍ത്ഥിന്റെ രണ്ട് കാലും അറ്റു. നഷ്ടപരിഹാരവുമായി റെയില്‍വേ ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സ്വയം വരുത്തിവെച്ച അപകടം എന്നായിരുന്നു മറുപടി. ഇതിനെതിരെയാണ് സിദ്ധാര്‍ത്ഥ നിയമ പോരാട്ടം നടത്തി അനുകൂല വിധി നേടിയത്
വരുത്തി വയ്ക്കണമെന്ന് ഉദ്ദേശത്തോടെയല്ല അപകടം നടന്നതെന്നും, നോ ഫോള്‍ട്ട് റൂളിന്റെ സുപ്രീംകോടതിയിലുള്ള മുന്‍കാല വിധികളും സിദ്ധാര്‍ത്ഥിന് അനുകൂല ഉത്തരവ് നേടുന്നതില്‍ സഹായകമായി. അപകടത്തെ പിന്നാലെ ഉണ്ടായ ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് നിലവില്‍ പിഎസ്‌സി പഠനത്തിലാണ് സിദ്ധാര്‍ത്ഥ്.