Headlines

കണ്ണീർ കടലായി കരൂർ; ഒരു പകൽ പിന്നിടുമ്പോഴും മൗനം തുടർന്ന് വിജയ്, കല്ലേറും ലാത്തിചാർജും ഉണ്ടായെന്ന ടിവികെ വാദം തള്ളി എഡിജിപി

ചെന്നൈ: രാജ്യത്തെ നടുക്കിയ ടിവികെ കരൂർ റാലി ദുരന്തം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും മൗനം തുടർന്ന് കരൂരിൽ ടി.വി.കെ അധ്യക്ഷനും സൂപ്പർ താരവുമായ വിജയ്. സിനിമയിലെ രക്ഷകൻ വേഷങ്ങളിൽ ഹീറോയായി നിറഞ്ഞ വിജയ് സീറോ ആയി മാറിയ മണിക്കൂറുകൾ കൂടിയാണ് കടന്നുപോയത്. തന്നെ കാണാനും കേൾക്കാനും എത്തിയവർ പിടഞ്ഞ് വീഴുന്നത് കണ്ടിട്ടും അതിവേഗം സ്വന്തം വീട്ടിലേക്ക് മടങ്ങിയ നടപടിയാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. അതേസമയം, ദുരന്തത്തിൽ മരണം 40 ആയി. സംഭവത്തിൽ ടി.വി.കെയുടെ രണ്ട് സംസ്ഥാന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ വിജയ്ക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്നാണ് ഡിഎംകെയിലെ ധാരണ. അതിനിടെ, കല്ലേറും ലാത്തിചാർജും ഉണ്ടായെന്ന ടിവികെ വാദം എഡിജിപി തള്ളി.

നിങ്ങളുടെ വിജയ്, നിങ്ങളുടെ അണ്ണൻ, നിങ്ങളുടെ മകൻ, ടിവികെ റാലികളിൽ കയ്യടി ഉറപ്പാക്കിയ മാസ് ഡയലോഗുകളായിരുന്നു ഇവ. ഈ മൂന്ന് വാക്കുകളും വെറും ഡയലോഗ് മാത്രമാണെന്നും അതിൽ തരിമ്പും ആത്മാർത്ഥയില്ലെന്ന് വിജയ് തെളിയിച്ച രാത്രിയാണ് കടന്ന് പോയത്. തന്റെ വാഹനത്തിന് മുന്നിൽ ജനങ്ങൾ തിക്കി ഞെരിക്കി വീഴുന്നത് കണ്ടിട്ടും, കുടിവെള്ളത്തിനായി കേഴുന്നത് കണ്ടിട്ടും ആംബുലൻസുകൾ ചാറിപായുന്നത് കണ്ടിട്ടും വിജയ് ചെന്നൈയിലെ വീട്ടിലേക്ക് മടങ്ങിയത് വലിയ രോഷമാണ് ഉയർത്തുന്നത്. ജനങ്ങൾക്ക് ഇടയിലേക്ക് കുപ്പിവെള്ളം എറിഞ്ഞ് കൊടുത്ത നടപടിയും വിമർശനം നേരിടുന്നു. താരം നൽകിയ കുപ്പിവെള്ളം ഒരു പ്രസാദം പോലെ ഏറ്റുവാങ്ങാനും തിക്കും തിരക്കുമുണ്ടായി.

ഇതിനപ്പുറമാണ് പരിക്കേറ്റവരുമായി കടന്നുവന്ന ആംബുലൻസ് നോക്കി വിജയ് പറഞ്ഞ സിനിമാ സ്റ്റൈൽ ഡയലോഗും. ദുരന്തത്തിന്റെ ആഴം മനസിലാക്കാതെ പറഞ്ഞതാണെങ്കിലും ആ വാക്കുകൾ ഒരു കടന്നുവന്ന ആംബുലൻസിനെ ചൂണ്ടിയാണ് എന്നത് മൈക്ക് കണ്ടാൽ നില മറക്കുന്നതിന് തുല്യമാക്കി. ആൾക്കൂട്ടത്തെ ആരവമാക്കി തിയേറ്റർ നിറച്ച വിജയ്‌ക്ക് അതേ ആൾക്കൂട്ടം തീരാനോവായി മാറിയ കാഴ്ച. സിനിമാ നടന് ഏത് വിവാദത്തിൽ നിന്നും ഒളിച്ചോടാം. പറന്ന് മാറി നിൽക്കാം. പക്ഷേ മക്കളുടെ നേതാവാകാൻ ഇറങ്ങിത്തിരിച്ച വിജയ്‌ക്ക് ആ നിലയിലേക്ക് ഇനിയും ദൂരമുണ്ടെന്ന് 40 ജീവനുകൾ സാക്ഷ്യം പറയുന്നു. എംജിആറും വിജയകാന്തും ആകാൻ ഇറങ്ങിയിട്ട് തലകുനിച്ച് തൊഴുകയ്യോടെ ജനങ്ങൾക്ക് മുന്നിൽ നിൽക്കുകയാണ് ദളപതി.

അതേസമയം അപകടത്തിൽ അട്ടിമറി സംശയിക്കുകയാണ് എഐഎഡിഎംകെയും ബിജെപിയും. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ കരൂരിലെത്തും. വിജയ്‍യെ ഒപ്പം നിർത്താൻ ഏറെ നാളായി ശ്രമിക്കുന്ന ബിജെപിയും എഐഎഡിഎംകെയും ദുരന്തത്തിൽ പഴിക്കുന്നത് പൊലീസിനെയാണ്. ആംബുലൻസുകളുടെ വരവും വൈദ്യുതി മുടക്കവും ഗൂഢാലോചനയുടെ ഭാഗമെന്ന് ഇപിഎസ് പറയുന്നു. കേന്ദ്ര സർക്കാരും സ്ഥിതി നിരീക്ഷിക്കുകയാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു