Headlines

കേരളത്തിൽ പിടികൂടിയ വാഹനങ്ങൾ കള്ളക്കടത്ത് നടത്തിയത്, ഇന്ത്യയിലെത്തിച്ചത് അനധികൃതമായി

കേരളത്തിൽ പിടികൂടിയ SUV,ലക്ഷ്വറി വാഹനങ്ങൾ ഇന്ത്യയിലെത്തിച്ചത് അനധികൃതമായാകാമെന്ന് ഭൂട്ടാൻ ട്രാൻസ്‌പോർട് അതോറിറ്റി. ഭൂട്ടാനിൽ ഡീ – രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മാത്രമാണ് മറ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ അനുമതിയുള്ളൂ. SUV, LUXURY വാഹനങ്ങൾ അങ്ങനെ ഡി-രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ട്രാൻസ്‌പോർട് അതോറിറ്റി വ്യക്തമാക്കി. വാഹനങ്ങള്‍ എങ്ങനെ കേരളത്തില്‍ എത്തിയെന്ന് അന്വേഷിക്കുമെന്ന് ഭൂട്ടാൻ റവന്യു കസ്റ്റംസും വ്യക്തമാക്കി. ഇന്ത്യന്‍ അധികാരികൾ വണ്ടികളുടെ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഭൂട്ടാനിലെ ആദ്യ ഉടമസ്ഥരെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും ഭൂട്ടാൻ മാധ്യമായ ഭൂട്ടാനീസ് ന്യൂസ്‌പേപ്പർ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

അതേസമയം ഭൂട്ടാൻ വാഹനക്കടത്ത് ഏഴ് കേന്ദ്ര ഏജൻസികളും അന്വേഷിക്കും.വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവന്റിവ് വിഭാഗം തന്നെ അന്വേഷിക്കും . മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരാതി സിബിഐയും കള്ളപ്പണ ഇടപാടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റുംജി എസ് ടി തട്ടിപ്പ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗവും അന്വേഷിക്കും. വിദേശ ബന്ധവും റാക്കറ്റ് ഉൾപ്പെട്ട മറ്റു തട്ടിപ്പുകളും എൻഐഎയും അന്വേഷണത്തിന് ആവശ്യമായ രഹസ്യവിവരങ്ങൾ ഐബിയും, ഡിആർഐയും ശേഖരിക്കും

ഭൂട്ടാൻ വാഹന കടത്തിന് പിന്നിൽ വൻ രാജ്യാന്തര വാഹന മോഷണ സംഘമാണെന്ന് കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഭൂട്ടാൻ പട്ടാളം ലേലം ചെയ്തതെന്ന പേരിൽ കേരളത്തിൽ മാത്രം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിറ്റത് 200ഓളം വാഹനങ്ങളാണ്. വിദേശ രാജ്യങ്ങളിൽ നിന്നും മോഷ്ടിച്ച വാഹനങ്ങൾ ഭൂട്ടാൻ വഴി കടത്തിയെന്നും സംശയിക്കുന്നുണ്ട്. വാഹനങ്ങൾ പൊളിച്ച് ഭൂട്ടാനിൽ എത്തിച്ച ശേഷം റോഡ് മാർഗമാണ് ഇന്ത്യയിലെത്തിച്ചത്. പരിവാഹൻ സൈറ്റിലടക്കം ക്രമക്കേട് നടത്താൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടുനിന്നു. സിനിമാതാരങ്ങൾ അടക്കമുള്ളവരെ ഇടനിലക്കാർ തെറ്റിദ്ധരിപ്പിച്ചെന്നും കസ്റ്റംസ് കണ്ടെത്തി.

ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഡൽഹിയും കേരളവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനിലക്കാർക്കായി കസ്റ്റംസ് അന്വേഷണം വ്യാപകമാക്കും. ഇതിന്റെ ഭാഗമായി മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസറിന്റെ നിലവിലത്തെ ഉടമയാണ് മാഹിൻ.

കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ മാഹിനിൽ നിന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. അനധികൃതമായി വാഹനം കടത്താൻ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തൽ. നടൻ അമിത് ചക്കാലയ്‌ക്കലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കോയമ്പത്തൂർ കേന്ദ്രീകരിച്ചുള്ള ഇടനിലസംഘത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെയാണ് മാഹിനിൽ നിന്ന് ഡൽഹിയിലെ ഇടനിലക്കാരെക്കുറിച്ച് വിവരം ലഭിച്ചത്. ഡൽഹിയിലെ സംഘം വഴി കേരളത്തിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തിച്ചിട്ടുണ്ടോ, സംസ്ഥാനത്ത് ഇവരുടെ ഇടനിലക്കാരുണ്ടോ എന്നതിലടക്കം മാഹിനിൽ നിന്ന് വിവരം തേടുംഇതിനിടെ ഓപ്പറേഷൻ നുംഖോര്‍ പരിശോധനയുടെ ഭാഗമായി നടൻ ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വാഹനം കസ്റ്റംസ് കണ്ടെത്തി. കൊച്ചിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ദുൽഖര്‍ സൽമാന്‍റെ നിസാൻ പട്രോൾ കാര്‍ കസ്റ്റംസ് കണ്ടെത്തിയത്. രേഖകളിൽ വാഹനത്തിന്‍റെ ഫസ്റ്റ് ഓണര്‍ ഇന്ത്യൻ ആര്‍മിയെന്നാണുള്ളത്.

ഹിമാചൽ സ്വദേശിയിൽ നിന്നാണ് ദുൽഖര്‍ വാഹനം വാങ്ങിയതെന്നാണ് രേഖ. ദുൽഖറിന്‍റെ രണ്ട് ലാൻഡ് റോവർ വാഹനങ്ങളും രണ്ട് നിസാൻ പട്രോൾ വാഹനങ്ങളാണ് കസ്റ്റംസിന്‍റെ സംശയനിഴലിലുള്ളത്. ഇതിൽ ഒരു ലാന്‍ഡ് റോവര്‍ നേരത്തെ പിടിച്ചെടുത്തിരുന്നു. രണ്ട് നിസാൻ പട്രോള്‍ കാറുകളിൽ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെത്തിയത്. കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറിൽ വാഹനം പിടിച്ചെടുത്ത നടപടി ചോദ്യം ചെയ്ത് നടൻ ദുൽഖർ സൽമാൻ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ദുൽഖറിന്‍റെ ഉടമസ്ഥതയിലുള്ള നിസ്സാൻ പട്രോള്‍ വാഹനവും കസ്റ്റംസ് കണ്ടെത്തിയത്.