ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി ഭൂട്ടാനിൽ നിന്ന് നിയമവിരുദ്ധമായി കടത്തിയ വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധന കസ്റ്റംസ് ഇന്നും തുടരും. സംസ്ഥാനത്ത് ഇനിയും ഇത്തരം വാഹനങ്ങളുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിന്റെ പക്കലുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുടർപരിശോധനകൾ നടത്താനാണ് തീരുമാനം.നിലവിൽ പിടികൂടിയ വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നടന്മാരടക്കമുള്ളവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട് കസ്റ്റംസ്. ഇവരെ വിളിച്ചു വരുത്തുന്ന കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടായേക്കും.
പിടിച്ചെടുത്ത ആഡംബര വാഹനങ്ങൾ ഉടമകൾക്ക് തന്നെ കസ്റ്റംസ് വിട്ടുകൊടുക്കും. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകാനാണ് കസ്റ്റംസിന്റെ തീരുമാനം. നിയമ നടപടികൾ അവസാനിക്കും വരെ ഇവ ഉപയോഗിക്കാൻ പാടില്ല. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും. ഓപ്പറേഷൻ നുംഖോർ പരിശോധനകൾ തുടരുകയാണ്.
അതേസമയം, വാഹന ഇടപാടുകൾക്ക് പിന്നിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇ ഡിയുടെ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. FEMA,PMLA തുടങ്ങിയ നിയമങ്ങളുടെ ലംഘനം വാഹന ഇടപാടുകളിൽ നടന്നിട്ടുണ്ടോ എന്ന പരിശോധനയാണ് ഇ ഡി നടത്തുന്നത്. കൂടുതൽ കേന്ദ്ര ഏജൻസികൾ വരും ദിവസങ്ങളിൽ അന്വേഷണത്തിന്റെ ഭാഗമാകും.
എന്നാൽ 150 ഓളം വാഹനങ്ങളിൽ ഇതുവരെ പിടിച്ചെടുത്തത് 38 എണ്ണം മാത്രമാണ്. ഇന്നലെ കണ്ടെത്തിയ കുണ്ടന്നൂരിലെ ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.കസ്റ്റംസ് അതീവ രഹസ്യമായിനടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം ഒരേസമയം സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നർത്ഥം. വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നത്. അതാണ് കസ്റ്റംസ് പരിശോധനയിലൂടെ വെളിപ്പെട്ടത്.
ജപ്പാനുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട എസ്‍യുവികൾ ധാരാളമായി ഭൂട്ടാനിലുണ്ട്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം 150 ൽ അധികം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ഭൂട്ടാനിൽ നിന്ന് റോഡ് മാർഗം ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ പാർട്സുകളായിട്ടാണ് എത്തിക്കുന്നത്.