ഭൂട്ടാനിൽ നിന്ന് കടത്തിയ ആഡംബര കാറുകൾ വാങ്ങിയ സംഭവത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ, ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ്. സേഫ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ നോട്ടീസ് നൽകും. നിയമ നടപടികൾ അവസാനിക്കും വരെ ഉപയോഗിക്കാൻ അനുവദിക്കില്ല. കുറ്റം തെളിഞ്ഞാൽ വാഹനങ്ങൾ കണ്ടുകെട്ടും. ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ കാർ പിടിച്ചെടുക്കും.
ദുൽഖറിന്റെ രണ്ട് കാറുകളും സംശയ നിഴലിൽ എന്ന് കസ്റ്റംസ് അറിയിച്ചു. ഈ വാഹനങ്ങൾ ഇന്നലെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇവ രണ്ടും കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. നിലവിൽ പിടിച്ചെടുത്ത റേഞ്ച് റോവർ ഇപ്പോഴും ദുൽഖറിന്റെ വീട്ടിൽ തന്നെയാണ്. വാഹനത്തിന്റെ ഫിറ്റ്‌നസ് പ്രശ്നങ്ങൾ ഉള്ളതിനാൽ ഓടിച്ചു കൊടുവരാൻ സാധിച്ചിട്ടില്ല. കൊച്ചിയിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ സിനിമ നടന്മാരുടെ അടക്കം നാല് വാഹനങ്ങളാണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് നിന്ന് 36 വാഹനങ്ങളും വിവിധയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
അതേസമയം ദുൽഖർ സൽമാന് ഇന്ന് കസ്റ്റംസ് നോട്ടീസ് നൽകും. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ നേരിട്ട് ഹാജരാക്കാൻ നിർദ്ദേശിക്കും. ദുൽഖറിന്റെ കൂടുതൽ വാഹനങ്ങൾ നിരീക്ഷണത്തിലാണ്. വാഹനങ്ങളുടെ രേഖകളിൽ അവ്യക്തത തുടരുന്നതിനാലാണ് കസ്റ്റംസ് നടപടി. അമിത് ചക്കാലയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. പരിശോധന ഊർജിതമാക്കാൻ കസ്റ്റംസ് നീക്കം.