തിരുവനന്തപുരം വട്ടപ്പാറ മരുതൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 20 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. തിരുവനന്തപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിന്റേയും ലോറിയുടേയും മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ 13 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്കുകള്‍ ഗുരുതരമല്ലെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. ലോറി ഡ്രൈവറുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മരുതൂരിലെ അപകടം നടന്ന സ്ഥലത്തുകൂടിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്. എം സി റോഡിലേക്ക് കയറാനുള്ള വാഹനങ്ങള്‍ മറ്റൊരു ഭാഗത്തുകൂടി വഴിതിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്.
റോഡിന് നടുവില്‍ കുടുങ്ങിയ ബസ്സും ലോറിയും നീക്കം ചെയ്യാന്‍ ഫയര്‍ ഫോഴ്‌സും പൊലീസും ശ്രമിക്കുകയാണ്. വാഹനങ്ങളില്‍ നിന്ന് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവര്‍മാരെ പുറത്തെടുത്തത്. റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണം മൂലം പ്രദേശത്ത് അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.