Headlines

38 ദിവസങ്ങള്‍ക്ക് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍; ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍

രാഹുലിനൊപ്പം കെഎസ്‌യു ജില്ലാ അധ്യക്ഷന്‍ നിഖില്‍ കണ്ണാടിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രശോഭുമുണ്ട്. കൂടുതല്‍ പ്രവര്‍ത്തകരോട് എംഎല്‍എ ഓഫിസിലേക്ക് എത്തണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിര്‍ദേശിച്ചതായാണ് ലഭിക്കുന്ന വിവരം. രാഹുലിനെതിരെ ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് എംഎല്‍എക്ക് സംരക്ഷണം ഒരുക്കാനാണ് കൂടുതല്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തുന്നത് എന്നാണ് സൂചന. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും താന്‍ മാധ്യമങ്ങളെ കാണുമെന്നും രാഹുല്‍ പറഞ്ഞു.

യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ മണ്ഡലത്തില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ 38 ദിവസങ്ങള്‍ക്ക് ശേഷം പാലക്കാട് തിരിച്ചെത്തി. 10.30ന് രാഹുല്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. രാഹുല്‍ പാലക്കാടെത്തിയാല്‍ പ്രതിഷേധിക്കുമെന്ന് ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ അറിയിച്ച പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാഹുലിന് നല്‍കുക.

മൂന്നാം പാര്‍ട്ടി പരാതികള്‍ അല്ലാതെ രാഹുലിനെതിരെ അതിക്രമം നേരിട്ടവര്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ല എന്നതുള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് രാഹുലിന് കോണ്‍ഗ്രസ് ഇതുവരെ പ്രതിരോധം തീര്‍ത്തിട്ടുള്ളത്. എം മുകേഷ് എംഎല്‍എ രാജിവയ്ക്കാത്തതും മണ്ഡലത്തിലും സഭയിലും സജീവമാകുന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഒരു വേള രാഹുല്‍ സഭയില്‍ വന്ന് പോയെങ്കിലും മറ്റ് ദിവസങ്ങളിലൊന്നും പാലക്കാടിനെ പ്രതിനിധീകരിച്ച് സഭയിലെത്തിയിരുന്നില്ല.