കോണ്‍ഗ്രസ് തങ്ങളെ കേള്‍ക്കണമെന്നും ഇപ്പോഴും കോണ്‍ഗ്രസിന് ഒപ്പമെന്നും ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട മറ്റത്തൂരിലെ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍മാരും നേതാക്കളും. ഡിസിസിക്കെതിരെ പുറത്താക്കപ്പെട്ടവര്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി ഡിസിസി മുന്നോട്ടുപോവുകയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിമതരുള്‍പ്പെടെ പത്തു പേരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങി.
ഡിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു മറ്റത്തൂരില്‍ ബിജെപിയുമായി സഖ്യം ഉണ്ടാക്കിയ നേതാക്കള്‍. വിപ്പ് നല്‍കിയിരുന്നുവെന്ന ഡിസിസി പ്രസിഡന്റിന്റെ വാദം സഖ്യ നേതാക്കള്‍ തള്ളി. പാര്‍ട്ടി തങ്ങളെ കേള്‍ക്കണം, നിര്‍ദ്ദേശങ്ങള്‍ ഉണ്ട്, അംഗീകരിച്ചാല്‍ പാര്‍ട്ടിക്കു വഴങ്ങുമെന്നും ഇവര്‍ പറഞ്ഞു.
പാര്‍ട്ടി വിശദീകരണം ചോദിക്കുകയോ അറിയിക്കുകയോ ചെയ്യാതെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയെന്ന് ഡിസിസി പ്രസിഡന്റ് പറയുന്നത് പച്ച നുണ. ബ്ലോക്ക് പ്രസിഡന്റ് സുധന്‍ ആണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. ഒരാളും തങ്ങളോട് രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസ് – അവര്‍ വ്യക്തമാക്കി.
അതേസമയം, അച്ചടക്ക നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കിയിട്ടുണ്ട്. കൂറ് കാണിക്കാത്ത വരെ കൂറുമാറ്റത്തിന് യോഗ്യരാക്കുമെന്നും പറഞ്ഞു.
ബിജെപിയുമായി ധാരണ ഉണ്ടാക്കിയത് അറിയാതെയാണ് വോട്ട് ചെയ്തതെന്ന് പറഞ്ഞ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ അക്ഷയ് സന്തോഷ് മലക്കം മറിഞ്ഞു. ബിജെപി നേതൃവുമായി കൂടിയാലോചിച്ചാണ് മറ്റത്തൂരില്‍ പ്രസിഡന്റ് – വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സഖ്യമായി മത്സരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.








