Headlines

ഉന്നാവോ കേസ്; ജന്തർമറിൽ പ്രതിഷേധിച്ച അതിജീവിതയ്ക്ക് ദേഹാസ്വസ്ഥ്യം, സമരം അവസാനിപ്പിച്ച് മടങ്ങി

ഉന്നാവോ ബലാത്സംഗ കേസിൽ ഡൽഹി ജന്തർമന്തറിലെ പ്രതിഷേധത്തിനിടെ അതിജീവിതയ്ക്കും അമ്മയ്ക്കും ദേഹാസ്വസ്ഥ്യം. തനിക്ക് നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് ജന്തർമന്തറിൽ പ്രതിഷേധം നടത്തിയിരുന്നത്. അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി പൗരസംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ സിബിഐക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പ്രതിഷേധം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് സമരം അവസാനിപ്പിച്ച് അതിജീവിതയും മാതാവും മടങ്ങി.

തന്നെ ആക്രമിച്ചവരെ സംരക്ഷിക്കുന്ന നടപടിയാണ് ഭരണകൂടത്തിന്റെത് , അന്വേഷണ ഉദ്യോഗസ്ഥർ സത്യസന്ധമായി അല്ല കേസ് അന്വേഷിച്ചത് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു അതിജീവിതയുടെ തെരുവിലെ പ്രതിഷേധം. ഐക്യദാർഢ്യവുമായി പൗര സംഘടനകളും . സംഘപരിവാർ എംഎൽഎയെ സംരക്ഷിക്കുവാൻ വേണ്ടിയുള്ള സർക്കാരിന്റെ നിയമത്തിന്മേലുള്ള കടന്നുകയറ്റത്തിന്റെ ഉത്തമ ഉദാഹരണമാണ് ഉന്നാവോ കേസെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

കേസിൽ ഉദ്യോഗസ്ഥർ സത്യസന്ധമായല്ല അന്വേഷണം നടത്തിയതെന്നും മനപ്പൂർവമായി അന്വേഷണത്തിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് അതിജീവിത സിബിഐക്ക് പരാതി നൽകി. കുറ്റപത്രത്തിൽ അന്വേഷണം ഉദ്യോഗസ്ഥർ വ്യാജ സ്കൂൾ രേഖകൾ ഉപയോഗിച്ചതായും ജനനതീയതി തെറ്റായി കാണിച്ചതായും അതിജീവിത ആരോപിക്കുന്നു . കേസിൽ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻ ഗാറിനെ പുറത്ത് വിട്ടാൽ അതിജീവിതയുടെ ജീവൻ അപകടത്തിൽ ആകുമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. നാളെ അപ്പീൽ അടിയന്തരമായി കോടതി പരിഗണിക്കും. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നുറപ്പുള്ളതായി അതിജീവിത വ്യക്തമാക്കി.