തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയുമായി കൈകോര്‍ത്ത് കോണ്‍ഗ്രസിന്റെ രാജി നാടകം. കോണ്‍ഗ്രസിന്റെ എട്ടു അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസിയെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി-കോണ്‍ഗ്രസ് സഖ്യം ഭരണത്തിലെത്തിയത്. സംഭവത്തില്‍ രണ്ട് പ്രാദേശിക നേതാക്കളെ പ്രാദേശിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി.
നാടകീയ നീക്കമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടായത്. മറ്റത്തൂരില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോണ്‍ഗ്രസ് വിമതരും ബിജെപിക്ക് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയുമായി ചേര്‍ന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച ഒരു സ്വതന്ത്രന്റെയുംനാല് ബിജെപി അംഗങ്ങളുടെയും വോട്ടുകള്‍ നേടി കോണ്‍ഗ്രസ് വിമതയായി ജയിച്ച ജോസ് പ്രസിഡന്റായി. വൈസ് പ്രസിഡണ്ടായി യുഡിഎഫിന്റെ അംഗമായിരുന്ന നൂര്‍ജഹാന്‍ നവാസും വിജയിച്ചു.
കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നതിനിടയിലാണ് നാടകീയ നീക്കവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലൂപറമ്പില്‍ എന്നിവരെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇരുവരുടെയും നേതൃത്വത്തിലായിരുന്നു ബിജെപി കൂട്ടുകച്ചവടം എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വോട്ടുകള്‍ നേതാക്കള്‍ ബിജെപിയിലേക്ക് മറച്ചുവെന്നും നേതൃത്വം വിലയിരുത്തുന്നു.






