കാസര്‍ഗോഡ് പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച നാലംഗങ്ങളും എന്‍ഡിഎ അംഗവും തമ്മില്‍ അന്തര്‍ധാര ശക്തമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തെ പരാതി അറിയിച്ചെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. വിട്ടുനിന്നവര്‍ രക്തസാക്ഷികളോട് പോലും കൂറില്ലാത്തവരെന്നും അവര്‍ക്ക് പിന്നില്‍ ചിലരുണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
പുല്ലൂര്‍ – പെരിയ പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് – ബിജെപി ധാരണയെന്ന് സിപിഐഎമ്മും ആരോപിച്ചിരുന്നു. ഒന്‍പത് എല്‍ഡിഎഫ് അംഗങ്ങള്‍ തിരഞ്ഞെടുപ്പിന് എത്തിയെങ്കിലും നാല് കോണ്‍ഗ്രസ് അംഗങ്ങളും ഒരു എന്‍ഡിഎ അംഗവും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും അഞ്ച് അംഗങ്ങള്‍ പഞ്ചായത്തിലേക്ക് എത്തിയെങ്കിലും മറ്റുള്ളവര്‍ എത്താത്തതിരുന്നതോടെ ഇവരും മടങ്ങി.
ആകെയുള്ള 19 സീറ്റുകളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഒമ്പതും എന്‍ഡിഎക്ക് ഒന്നുമാണ് കക്ഷിനില. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടുകൂടി നിലവിലെ വൈസ് പ്രസിഡന്റ് കാര്‍ത്യായനിയെ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. എന്നാല്‍ രണ്ടുദിവസം മുന്‍പ് ഉഷ എന്‍ നായരെ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീയത ശക്തമായത്. കാര്‍ത്യായനിക്കും ഉഷ എന്‍ നായര്‍ക്കും വേണ്ടിയുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെ വന്നതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് യുഡിഎഫ് അംഗങ്ങള്‍ എത്തിയില്ല. ഉഷ എന്‍ നായര്‍ പഞ്ചായത്തില്‍ എത്തിയെങ്കിലും ഹാളിനകത്തേക്ക് പ്രവേശിക്കാതെ മടങ്ങി. ആരെയും പിന്തുണയ്ക്കില്ലെന്ന് തീരുമാനിച്ച എന്‍ഡിഎ അംഗവും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതിനിടെയാണ് എന്‍ഡിഎ അംഗം ഇറങ്ങിപ്പോയത് കോണ്‍ഗ്രസ് ബിജെപി ധാരണയുടെ പുറത്തെന്ന് സിപിഐഎം ആരോപിച്ചത്.
എല്‍ഡിഎഫിന്റെ ഒമ്പത് അംഗങ്ങള്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി എത്തിയെങ്കിലും കോറം തികയാതെ വന്നതോടെ തെരഞ്ഞെടുപ്പ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു.







