കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ട മറ്റൊരു വാര്‍ത്തയാണ് ഇന്ന് തൃശ്ശൂരില്‍ നിന്നും പുറത്തുവന്നത്. കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ച മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന മറ്റൊരു മൊത്തക്കച്ചവടത്തിന്റെ വാര്‍ത്തയാണിത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും രാജിവച്ച് ബിജെപിക്ക് പിന്തുണ നല്‍കിയെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതൃത്വത്തെ ആകെ ഞെട്ടിച്ചു. 24 അംഗങ്ങളുള്ള മറ്റത്തൂര്‍ പഞ്ചായത്തില്‍ വിജയിച്ച എട്ട് കോണ്‍ഗ്രസ് അംഗങ്ങളാണ് നാടകീയമായി ഇന്ന് രാജി സമര്‍പ്പിച്ചത്. ഏറെക്കാലമായി ഇടത് പക്ഷത്തിന്റെ ഭരണം നിലനിന്നിരുന്ന മറ്റത്തൂരില്‍ ഫലം വന്നപ്പോള്‍ പത്ത് സീറ്റാണ് എല്‍ഡിഎഫിന് ലഭിച്ചത്. കോണ്‍ഗ്രസിന് എട്ടും സീറ്റും രണ്ട് കോണ്‍ഗ്രസ് വിമതരും വിജയിച്ചു. നാല് സീറ്റ് ബിജെപിക്കും. എല്‍ഡിഎഫ് കോണ്‍ഗ്രസ് വിമതരുടെ പിന്തുണയോടെ ഭരണം പിടിക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടത്തിക്കൊണ്ടിരിക്കവെയാണ് ട്വിസ്റ്റുണ്ടായത്. വിമതനായി മത്സരിച്ച് ജയിച്ച കെ ആര്‍ ഔസേപ്പിനെ പഞ്ചായത്ത് പ്രസിഡന്റാക്കാനായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. എന്നാല്‍ അവസാനഘട്ടത്തില്‍ ഔസേപ് എല്‍ ഡി എഫിനൊപ്പം ചേര്‍ന്നു. ഔസേപ്പിന്റെ നീക്കത്തെ ചെറുക്കാനായി കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം രാജിവെക്കുകയായിരുന്നു.
എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ഒരുമിച്ചതോടെ പഞ്ചായത്ത് മറ്റത്തൂര്‍ പഞ്ചായത്ത് ഭരണം ബിജെപിക്ക് അനുകൂലമായി. ബി ജെ പി സ്വപ്നത്തില്‍ പോലും കരുതാത്തൊരു വിജയമാണ് നേടിയത്. ഡിസിസി ജന.സെക്രട്ടറി ടി എം ചന്ദ്രന്‍ പഞ്ചായത്ത് അംഗങ്ങളെ മൊത്തമായി ബിജെപിക്ക് വിറ്റെന്നാണ് മറ്റത്തൂരില്‍ ഉയര്‍ന്ന ആരോപണം. സിപിഐഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബി ജെ പി യുടെ ഓപ്പറേഷന്‍ താമരയ്ക്കെതിരെ പ്രതിഷേധവുമായി എത്തിയതോടെ മറ്റത്തൂരില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ആരോപണ വിധേയനായി ഡി സി സി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രനേയും മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പന്‍ എന്നിവരെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍് ചെയ്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.
സംസ്ഥാന തലത്തില്‍ ഏറെ ക്ഷീണമുണ്ടാക്കിയ രാഷ്ട്രീയ നീക്കമാണ് മറ്റത്തൂരില്‍ ഉണ്ടാക്കിയതെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച പാര്‍ട്ടി അംഗങ്ങള്‍ ഒറ്റ ദിവസം രാജിവച്ച് ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ച സംഭവം നിയമസഭാ തിരഞ്ഞെടുപ്പില്‍ സി പി ഐ എം മുഖ്യവിഷ ആയുധമായി യുഡിഎഫിനെതിരെ ഉന്നയിക്കാനുള്ള സാധ്യതയും നേതൃത്വം ഭയപ്പെടുന്നുണ്ട്.







