മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും കോൺഗ്രസിന് പരിഹസിക്കാൻ വരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജിപിയുമായി സഖ്യത്തിലായ സംഭവത്തിനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു വിഡി സതീശൻ. നരേന്ദ്ര മോദി എവിടെ ഒപ്പിടാൻ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് വിഡി സതീശൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല എന്ന് വിചാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. തോൽവിയെ കുറിച്ചാണ് പഠിക്കേണ്ടത്. ഒന്നും കിട്ടാത്തതുകൊണ്ടാണ് മറ്റത്തൂരിനെ കുറിച്ച് പറയുന്നതെന്ന് വിഡി സതീശൻ പറഞ്ഞു. മറ്റത്തൂരിൽ ആരും രാജിവെച്ച് ബിജെപിയിൽ ചേർന്നിട്ടില്ല. വിമതനായ ആളെ പിന്തുണക്കുകയാണ് ചെയ്തത്. പാർട്ടിയുമായി ആലോചിക്കാതെ തീരുമാനം എടുത്തതിനാണ് അവർക്കെതിരെ നടപടിയെടുത്തതെന്ന് വിഡി സതീശൻ വിശദീകരിച്ചു. ബിജെപിയിൽ ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്ന് അദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടിട്ടില്ലെന്ന് പറഞ്ഞ ഏക ആള് എംവി ഗോവിന്ദൻ മാത്രമാണ്. ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നു. സിപിഐഎമ്മിനെയും പിണറായി വിജയനെയും കുറിച്ച് മിണ്ടാൻ പാടില്ല. മിണ്ടിയാൽ വീട്ടിൽ പൊലീസ് വരുമെന്ന് വിഡി സതീശൻ വിമർശിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിലെ തലമുറ മാറ്റം എഐസിസിയുടെ ആവശ്യമാണെന്ന് വിഡി സതീശൻ വ്യക്തമാക്കി. സംഘടനാപരമായി യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം കൊടുക്കണമെന്ന് ദേശീയ നേതൃത്വവും രാഹുൽഗാന്ധിയുമാണ് നിർദേശിച്ചത്. പഴയ തലമുറയിൽ പെട്ട ആളുകളോട് മാറിനിൽക്കാൻ അല്ല പറയുന്നത്. പ്രായമായ ആരെയും മാറ്റിനിർത്തില്ല. സ്ത്രീകൾക്കും യുവാക്കൾക്കും ഉറപ്പായും പ്രാതിനിധ്യമുണ്ടാകും. പാർട്ടിയെ സജീവമായി നിർത്താൻ വേണ്ടിയിട്ട് കൂടിയാണ് പുതിയ നീക്കമെന്ന് വിഡി സതീശൻ പറഞ്ഞു.







