Headlines

‘മുഖ്യമന്ത്രിയുടെ അവസാനത്തിൻ്റെ ആരംഭം കുറിച്ചു; വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർക്കും’; വിഡി സതീശൻ

മുഖ്യമന്ത്രിയുടെ അവസാനത്തിൻ്റെ ആരംഭം കുറിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ഒട്ടകപക്ഷിയെ പോലെ മണ്ണിൽ മുഖം താഴ്ത്തി ഇരിക്കുന്നു. കെ എസ് യു നേതാക്കളെ തിവ്രവാദികളെ പോലെ മുഖം മൂടി അണിയിച്ചതിൽ ഉൾപ്പെടെ മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമെന്ന് വിഡി സതീശൻ പറഞ്ഞു. കേരള പൊലീസിനെ തകർത്ത് തരിപ്പണമാക്കിയെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. ഇതിന് ഉത്തരം പറയിക്കുക തന്നെ ചെയ്യുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാവപ്പെട്ട പിള്ളേരെ കള്ളക്കേസിൽ കുടുക്കി തലയിൽ തുണിയിട്ട് കൊണ്ടുവന്നു. ഇതിനെല്ലാം മറുപടി പറയിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.ചില പോലീസ് ഉദ്യോഗസ്ഥർ രാജാവിനെക്കാൾ വലിയ രാജഭക്തിക്കാണിക്കുന്നു. അത്തരക്കാർ യൂണിഫോമിട്ട് കേരളത്തിലൂടെ നടക്കില്ലെന്ന് വിഡി സതീശൻ മുന്നറിയിപ്പ് നൽകി.

വോട്ടർ പട്ടിക പരിഷ്കരണത്തെ കുറിച്ചും വിഡി സതീശൻ പ്രതികരിച്ചു. തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തെ ശക്തമായി എതിർക്കുമെന്ന് അദേഹം വ്യക്തമാക്കി. നീതിപൂർവമായ സത്യസന്ധമയ തിരഞ്ഞെടുപ്പിന് എതിരെയുള്ള ബിജെപിയുടെ തന്ത്രമാണിത്. എന്തിനാണ് വോട്ടർ പട്ടിക 2002ലേക്ക് പോകുന്നത്. 52 ലക്ഷം പേരുടെ വോട്ട് ചേർക്കേണ്ടി വരും. എത്ര ശ്രമകരമായ കാര്യമാണ്. അർഹരുടെ വോട്ട് പോകും. 23 വർഷമായി വോട്ട് ചെയ്യുന്നവർ വോട്ടർ പട്ടികയിൽ പേരില്ലാതാകുന്ന മായാജാലമാണ് എസ്‌ഐആർ. ഇതിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് വിഡി സതീശൻ പറഞ്ഞു.

എൻ എം വിജയൻ്റെ കുടുംബത്തിൻ്റെ ആരോപണം കെ പി സി സി യും ജില്ലാ നേതൃത്വവുമാണ് പറയേണ്ടതെന്ന് വിഡി സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റേത് അടഞ്ഞ അധ്യായമാണ് കൂടുതൽ പ്രതികരിക്കാനില്ലെന്ന് അദേഹം വ്യക്തമാക്കി. തൃശൂരിലെ ഡി വൈ എഫ് ഐ നേതാവിൻ്റെ ഫോൺ സംഭാഷണത്തിലും വിഡി സതീശൻ പ്രതികരിച്ചു. ജില്ലാ നേതൃത്വം കവർച്ചക്കാരെങ്കിൽ സംസ്ഥാന നേതൃത്വം കൊള്ളക്കാരാണെന്ന് വിഡി സതീശൻ പരിഹസിച്ചു.