രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗും തമ്മിൽ വാക്പോര്. റായ്ബറേലിയിൽ രാഹുൽ വിളിച്ച കേന്ദ്ര പദ്ധതികളുടെ ഉന്നതതല അവലോകന യോഗത്തിലാണ് ഏറ്റുമുട്ടൽ. അംഗങ്ങൾ സംസാരിക്കുന്നതിന് മുമ്പ് ചെയറിന്റെ അനുമതി തേടണമെന്ന് ദിനേശ് പ്രതാപ് സിംഗിനോട് പറഞ്ഞതിനെത്തുടർന്ന് ആണ് വാഗ്വാദം. കളക്ടറേറ്റിലെ ബചത് ഭവനിൽ നടന്ന ജില്ലാ വികസന ഏകോപന, നിരീക്ഷണ സമിതി യോഗത്തിനിടെയാണ് സംഭവം.
പ്രസംഗിക്കുന്നതിന് മുമ്പ് അനുവാദം തേടണമെന്ന് രാഹുൽ ഗാന്ധി ദിനേശ് പ്രതാപ് സിംഗിനോട് നിർദ്ദേശിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. സെപ്റ്റംബർ 10 മുതൽ 11 വരെ രാഹുൽ ഗാന്ധി മണ്ഡലത്തിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്നതിനിടെയാണ് യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇതിനിടെയാണ് മന്ത്രിയുമായി വാക്പോരുണ്ടായത്.
‘“ഈ യോഗത്തിന് നേതൃത്വം നൽകുന്നത് ഞാനാണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആദ്യം ചോദിക്കൂ, അതിനുശേഷം ഞാൻ നിങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകാം” എന്ന് യോഗത്തിനിടെ മന്ത്രിയോട് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ലോക്സഭ സ്പീക്കർ പറയുന്നത് അംഗീകരിക്കാത്ത രാഹുൽ ഗാന്ധി പറയുന്നത് എന്തിനാണ് താൻ സ്വീകരിക്കേണ്ടതെന്ന് ദിനേശ് പ്രതാപ് സിംഗ് ചോദിച്ചു. തുടർന്നായിരുന്നു തർക്കം ഉണ്ടായത്.