Headlines

‘പ്രധാന്‍ പോയി, അടുത്തത് ഗഡ്കരി?’; സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി

 

സിജെപിയുടെ സമരവിജയത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഇജെപി. ഇജെപി എന്നാല്‍ ഇ-ട്വന്റി ജനതാപാര്‍ട്ടി. എഥനോള്‍ കലര്‍ന്ന പെട്രോളിനെതിരെയാണ് കൂട്ടായ്മ. ഇ20 ക്ക് എതിരായ ഇ20 ജനത പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് 4ലക്ഷം പിന്നിട്ടു.

 

 

രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഇ-20 പെട്രോള്‍ ഉപയോഗം മൂലമുണ്ടാകുന്ന പ്രായോഗികവും സാമ്പത്തികവുമായ പ്രശ്നങ്ങള്‍ സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് ഹൈബി ഈഡന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തര പ്രമേയം നല്‍കി.ആംആദ്മി പാര്‍ട്ടി വിഷയത്തില്‍ ദേശീയ ജനകീയ സംവാദം സംഘടിപ്പിക്കും. അടുത്തമാസം ഒന്നിന് ഡല്‍ഹിയില്‍ വച്ചായിരിക്കും സംവാദം. ഇതുമായി ബന്ധപ്പെട്ട വിദഗ്ധരെയും വാഹനങ്ങളില്‍ പ്രശ്‌നം നേരിട്ടവരെയും ഒരേ വേദിയില്‍ എത്തിക്കും.

 

അതേസമയം, ഇ20 പെട്രോളില്‍ ആളുകള്‍ ബുദ്ധിമുട്ടുന്നു എന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്നും ഇന്ധനക്ഷമത കുറയുന്നു എന്നുമുള്ള വിമര്‍ശനം ഉന്നയിച്ചു. ഡല്‍ഹിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്താനാണ് ട്രാന്‍സ്പോര്‍ട് സംഘടനകളുടെ നീക്കം. അടുത്തമാസം നാലിന് പ്രതിഷേധ മാര്‍ച്ച് നടത്തും.

 

100% ശുദ്ധമായ ഇന്ധനം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ഇ20 ജനതാ പാര്‍ട്ടി ആവശ്യപ്പെടുന്നത്. തങ്ങളുടെ ഇന്ധന ടാങ്കുകളിലേക്ക് എന്താണ് പോകേണ്ടതെന്ന് ഉപഭോക്താക്കള്‍ തീരുമാനിക്കട്ടെ എന്നാണ് ഇവരുടെ പക്ഷം. വിഷയത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിട്ട കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ രാജിയും ഇവര്‍ ആവശ്യപ്പെടുന്നു.

 

ആംആദ്മി പാര്‍ട്ടിയും ഡല്‍ഹിയിലെ ടാക്‌സി യൂണിയനുകളും ഇ-ട്വന്റി പെട്രോളിനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.