Headlines

ശൈലജയെ മാറ്റാൻ പറഞ്ഞ ന്യായം വിലപ്പോയില്ല; കണ്ണൂരിലെ സ്ഥാനാർഥി നിർണയത്തിൽ വലിയ വീഴ്ചയെന്ന് സിപിഎം അവലോകന റിപ്പോർട്ട്

 

തിരുവനന്തപുരം ∙ കെ.കെ.ശൈലജയെ ജയിച്ച സീറ്റിൽനിന്നു മാറ്റി മത്സരിപ്പിച്ചതിൽ പാർട്ടി സംസ്ഥാന നേതൃത്വം നിരത്തിയ ന്യായീകരണങ്ങളൊന്നും ജനങ്ങൾ ഉൾക്കൊണ്ടില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ജയസാധ്യത മാത്രം നോക്കി 54 പേർക്കു വീണ്ടും സിറ്റിങ് സീറ്റ് തന്നെ നൽകിയപ്പോൾ ശൈലജയെ മണ്ഡലം മാറ്റി. ഇത് രാഷ്ട്രീയ എതിരാളികൾ ചർച്ചയാക്കി. ഇക്കാര്യത്തിൽ പാർട്ടി പറഞ്ഞ ന്യായീകരണങ്ങൾക്കൊപ്പമല്ല ജനങ്ങൾ നിന്നതെന്നു നിയമസഭാ തോൽവി വിലയിരുത്തി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

 

കണ്ണൂർ ജില്ലയിലെ സ്ഥാനാർഥി നിർണയത്തിൽ വലിയ വീഴ്ചയുണ്ടായി. സ്വജനപക്ഷപാതം എന്ന ആരോപണം ഉയർന്നത് സംസ്ഥാനത്താകെ വിപരീത സന്ദേശം നൽകി. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ തവണ 2 മുസ്‌ലിം സ്ഥാനാർഥികളുണ്ടായിരുന്നു. ഇത്തവണ ആരുമുണ്ടായില്ല. തളിപ്പറമ്പ്, പയ്യന്നൂർ സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവയ്ക്കു വീഴ്ചയുണ്ടായി–റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.റിപ്പോർട്ടിലെ മറ്റ് വിലയിരുത്തലുകൾ

 

∙ വോട്ട് വിഹിതത്തിൽ കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവ്

 

∙ പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ഗുണമായില്ല

 

∙ സിപിഎം–ബിജെപി രഹസ്യ ഡീൽ ആരോപണം ന്യൂനപക്ഷങ്ങളെ എതിരാക്കി∙ വനിതകളെ സ്ഥാനാർഥിയാക്കാത്തതിൽ കോഴിക്കോട്, കൊല്ലം ജില്ലാ കമ്മിറ്റികൾക്കു വീഴ്ചപറ്റി

 

∙ ആർഎസ്എസിനെ പ്രതിരോധിക്കാൻ ക്ഷേത്ര കമ്മിറ്റികളിൽ ഇടപെടണമെന്ന തീരുമാനം നടപ്പാക്കിയില്ല

 

∙ പിഎം ശ്രീ വിഷയം കൈകാര്യം ചെയ്തതിൽ പിഴവുണ്ടായി. ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തില്ല

 

∙ പൊതുയോഗത്തിലും മാധ്യമങ്ങൾക്കു മുൻപിലും സംസാരിക്കുന്നതിൽ നേതാക്കൾക്കു ശ്രദ്ധയില്ല∙ പൊതുവേദിയിൽ ചില നേതാക്കളുടെ വാക്കും പ്രവൃത്തിയും പാർട്ടിയുടെ പ്രതിഛായ മോശമാക്കാൻ എതിരാളികൾ ഉപയോഗിച്ചു

 

∙ ഒഴിവാക്കേണ്ട ചില പ്രതികരണങ്ങൾ ഉന്നത നേതാക്കളിൽനിന്നുണ്ടായി

 

∙ ഗൃഹസന്ദർശനത്തിൽനിന്നു പ്രവർത്തകർ കൂട്ടത്തോടെ വിട്ടുനിന്നു

 

∙ മികച്ച കേഡർമാരുടെ അഭാവം പ്രകടം

 

∙ 3 പാർട്ടി കോട്ടകളിൽ മുതിർന്ന നേതാക്കൾ വിമതരായി

 

യോഗിയുടെ സന്ദേശം വായിച്ചത് മതനിരപേക്ഷ പ്രതിഛായ തകർത്തു

 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഒരാൾക്ക് ഹിന്ദു വർഗീയതയുടെ തീവ്രപ്രചാരകനായ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാൻ എങ്ങനെ കഴിഞ്ഞുവെന്നു കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ടിൽ ചോദ്യം. അയ്യപ്പ സംഗമത്തിൽ യോഗിയുടെ സന്ദേശം വായിച്ചത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന സംസ്ഥാന റിവ്യൂ റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാണിച്ചാണു വിമർശനം. സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി അതു വായിച്ചതു പാർട്ടിയുടെ മതനിരപേക്ഷ പ്രതിഛായയ്ക്കു കോട്ടമുണ്ടാക്കി. വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശ വിവാദത്തിൽ ചില നേതാക്കൾ നടത്തിയ പ്രസ്താവനകളും അവമതിപ്പുണ്ടാക്കി. ഇതെല്ലാം ചേർന്ന് പാർട്ടി ഹിന്ദുത്വ വർഗീയ ശക്തികളോടു മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കിയെന്നും കുറ്റപ്പെടുത്തുന്നു.