Headlines

സർക്കാരിനെ പ്രതിരോധിക്കാൻ ഇന്ന് കെ കെ ശൈലജയെ സി പി ഐ എം നിയോഗിച്ചതിന് പിന്നിൽ

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മുഖമായി കെ.കെ ശൈലജ മാറുമോ എന്ന ചർച്ചകൾക്ക് വഴിമരുന്നിട്ട് രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിൽ അസാധാരണ നീക്കം. പതിവ് മാധ്യമശൈലികൾ പൊളിച്ചെഴുതി, മന്ത്രിമാർക്കും എം.വി. ഗോവിന്ദൻ അടക്കമുള്ള മുതിർന്ന നേതാക്കൾക്കും പകരം ഭരണപക്ഷത്തിന്റെ ശബ്ദമായി കെ.കെ. ശൈലജ മാധ്യമങ്ങളെ അഭിമുഖീകരിച്ചത് സി പി ഐ എമ്മിന്റെ കൃത്യമായ തിരഞ്ഞെടുപ്പ് സ്ട്രാറ്റജിയായിട്ടാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. സഭ സ്തംഭിപ്പിച്ചു പുറത്തുവരുന്ന പ്രതിപക്ഷ നേതാക്കൾ ആദ്യം മാധ്യമങ്ങളെ കാണുന്ന രീതിയെ തന്ത്രപരമായി ‘വെട്ടി’, അവർ എത്തുന്നതിന് മുൻപേ ശൈലജയുടെ നേതൃത്വത്തിൽ ഇടതു നേതാക്കൾ മൈക്കിന് മുന്നിലെത്തിയത് പാർട്ടിക്കുള്ളിൽ വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ റിഹേഴ്സലായി പ്രതിപക്ഷം പോലും സംശയിക്കുന്നുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പിൽ മുന്നണിയെ നയിക്കാൻ മൂന്നാമതും മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമെന്നായിരുന്നു പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയത്. എന്നാൽ പിണറായി വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടയിലാണ് സർക്കാരിനെ പ്രതിരോധിക്കാനായി പാർട്ടി കെ കെ ശൈലജയെ രംഗത്തിറക്കിയത്.

പിണറായിയെ വരുന്ന തിരഞ്ഞെടുപ്പിലും മുഖ്യപ്രചാരകനായി പ്രഖ്യാപിക്കുന്നതിലൂടെ അധികാര തുടർച്ചയുണ്ടാവുമെന്നായിരുന്നു പാർട്ടി നേതൃത്വം വിലയിരുത്തിയിരുന്നത്. എന്നാൽ സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം അലയടിക്കുന്നുവെന്നാണ് ദേശീയ മാധ്യമമായ എൻ ഡി ടി വിയുടെ ഇലക്ഷൻ സർവേ ഫലം. പിണറായി വിജയന് പ്രതിപക്ഷനേതാവ് വി ഡി സതീശനുള്ള അത്രയും സ്വീകാര്യതയില്ലെന്ന സർവേ ഫലം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കയാണ്. ഇന്നലെയാണ് ഈ സർവേ ഫലം പുറത്തുവന്നത്. പിണറായി വിജയൻ കഴിഞ്ഞാൽ സി പി ഐ എമ്മിൽ ഏറെ സ്വീകാര്യതയുള്ള നേതാവ് കെ കെ ശൈലജയാണെന്നായിരുന്നു സർവേഫലം. ഇതോടെയാണ് കെ കെ ശൈലജയെ അവഗണിക്കുന്നത് ദോഷം ചെയ്യുമെന്ന തിരിച്ചറിവിലേക്ക് പാർട്ടി നേതൃത്വം എത്തിച്ചേർന്നത്.ഒന്നാം പിണറായി സർക്കാരിൽ ഏറ്റവും ജനപിന്തുണയുണ്ടായിരുന്ന മന്ത്രിയായിരുന്നു കെ കെ ശൈലജ. മട്ടന്നൂരിൽ നിന്നും റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കെ കെ ശൈലജയെ രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയായി പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും ആദ്യ മന്ത്രിസഭയിലെ ആരെയും രണ്ടാം മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് പാർട്ടി കേന്ദ്രങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായെങ്കിലും മുഖ്യമന്ത്രി ഇക്കാര്യം പുനരാലോചനയ്ക്ക് തയ്യാറായില്ല. സംസ്ഥാനത്ത് മറ്റൊരു വനിതാ നേതാവിനും ലഭിക്കാത്ത സ്വീകാര്യതയുണ്ടായിട്ടും പാർട്ടി കെ കെ ശൈലജയെ അവഗണിക്കുന്നുവെന്ന ആരോപണം ഉയർന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ വടകരമണ്ഡലത്തിൽ മത്സരിച്ചതും കെ കെ ശൈലജയ്ക്ക് വൻ തിരിച്ചടിയായിമാറിയിരുന്നു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ നഷ്ടമായ വടകര തിരിച്ചുപിടിക്കാനായി സി പി ഐ എം നിയോഗിച്ചത് കെ കെ ശൈലജയെ ആയിരുന്നു. എന്നാൽ കോൺഗ്രസ് യുവനേതാവായ ഷാഫി പറമ്പിലിനെ നേരിട്ട കെ കെ ശൈലജയ്ക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.

കെ കെ ശൈലജയെ വടകരയിൽ മത്സരിപ്പിച്ചത് അവരുടെ ജനകീയ അടിത്തറ തകർക്കാനുള്ള നീക്കമായിരുന്നുവെന്നായിരുന്നു പരക്കേ ഉയർന്ന ആരോപണം. ഏറ്റവും സുരക്ഷിതമായ മട്ടന്നൂരിൽ നിന്നും പേരാവൂരിലേക്ക് കെ കെ ശൈലജയെ മാറ്റുമെന്നും കെ പി സി സി അധ്യക്ഷനും പേരാവൂർ സിറ്റിംഗ് എം എൽ എയുമായ സണ്ണി ജോസഫിനെ നേരിടാനായി കെ കെ ശൈലജ എത്തുമെന്നുമുള്ള വാർത്തകൾക്കിടയിലാണ് നിയമസഭയിൽ ഇന്ന് കെ കെ ശൈലജയുടെ പാർട്ടി മുന്നിൽ നിർത്തി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാനുള്ള അവസരം നൽകിയത്. കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രിയുണ്ടാവുമോ എന്ന ചർച്ചകൾക്കിടയിലാണ് അപ്രതീക്ഷിതമായി കെ കെ ശൈലജയെ മുന്നിൽ നിർത്താൻ സി പി ഐ എം തീരുമാനിച്ചത്. നേരത്തെ സംസ്ഥാനത്ത് ഗൗരിയമ്മയേയും പിന്നീട് സുശീലാ ഗോപാലനേയും പാർട്ടി ഇതേപോലെ വനിതാ മുഖ്യമന്ത്രിയെന്ന നിലയിൽ അവതരിപ്പിച്ചതും ഭൂരിപക്ഷം നേടിയതിന് ശേഷം തഴഞ്ഞതും ചരിത്രമാണ്.സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നാണ് സി പി ഐ എം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നത്. എന്നാൽ തദേശ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്രകമ്മിറ്റി യോഗം ഇത് പൂർണമായും അംഗീകരിച്ചിരുന്നില്ല. തദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണം പ്രവർത്തകരുടെ അമിതമായ ആത്മവിശ്വാസമാണെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. വികസന നേട്ടങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വീഴ്ചയുണ്ടായെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. ഇതോടെയാണ് കെ കെ ശൈലജയെ രംഗത്തിറക്കാൻ പാർട്ടി കേന്ദ്രങ്ങൾ തീരുമാനിച്ചത്. അധികാരത്തിൽ തുടരാനുള്ള തന്ത്രങ്ങളിൽ വളരെ സുപ്രധാന നീക്കമാണിത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ഇരുവിഭാഗവും ആരോപണവും പ്രത്യാരോപണവുമായി സഭയിൽ ബഹളം വെക്കുകയും ഒടുവിൽ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തു. സാധാരണ സഭാ ബഹിഷ്‌ക്കരണം നടത്തി പുറത്തിറങ്ങുന്ന പ്രതിപക്ഷം മാധ്യമങ്ങളെ കാണുന്നതാണ് പതിവ് രീതി. ഇന്ന് അതിൽ മാറ്റമുണ്ടായി. കെ കെ ശൈലജ മാധ്യമങ്ങളെ ആദ്യം കാണുകയും സഭബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയുമായിരുന്നു കെ കെ ശൈലജ.

പ്രതിപക്ഷം സഭയിൽ കൈക്കൊണ്ട നടപടി തെറ്റാണെന്നും, നിരവധി ജനകീയ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമ്പോൾ അതിനെല്ലാം തടസം സൃഷ്ടിക്കുകയാണ് ചെയ്തതെന്നുമായിരുന്നു കെ കെ ശൈലജയുടെ ആരോപണം. ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടിയുണ്ടെന്നും, ഒന്നിനും ഞങ്ങൾ ഒളിച്ചോടാനില്ലെന്നായിരുന്നു കെ കെ ശൈലജയുടെ ആദ്യ പ്രതികരണം. എൽ ഡി എഫ് ഇതാദ്യമായാണ് കെ കെ ശൈലജയെ രംഗത്തിറക്കി സഭാനടപടികളിൽ പ്രതിപക്ഷത്തെ പ്രതിരോധിക്കുന്നത്.
കോൺഗ്രസ് നേതാക്കളാണ് പോറ്റിയുമായി ഏറ്റവും അടുത്തുനിൽക്കുന്നത്. ശബരിമലയിൽ നഷ്ടപ്പെട്ട ഒരു തരി സ്വർണംപോലും ബാക്കിയുണ്ടാവാതെ സംരക്ഷിക്കും. ഇതാണ് സർക്കാരിന്റെ ലക്ഷ്യം. പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഇടതുപക്ഷമല്ലെന്നും, പോറ്റിയെ ജയിലിൽ കയറ്റിയത് എൽ ഡി എഫ് ആണെന്നും കെ കെ ശൈലജ ആരോപിച്ചു. ഗവർണർ നയപ്രഖ്യാപനത്തിൽ ചടട്വിരുദ്ധമായാണ് പ്രവർത്തിച്ചത്. ഗവർണറുടെ പ്രീതി സർക്കാരിനോടായിരിക്കണം.

സാധാരണക്കാരെ ബാധിക്കുന്ന ബില്ലുകൾ കെട്ടിക്കിടക്കുന്നു. ഇതൊന്നും യു ഡി എഫിന് പ്രശ്നമല്ല. സർക്കാരിന്റെ നയമാണ് നയപ്രഖ്യാപനത്തിൽ ഗവർണർ വായിക്കേണ്ടത്. ഇതൊന്നും ഗവർണർ പാലിച്ചില്ല. ഇതൊന്നും യു ഡി എഫിന് ഒരു വിഷയംപോലുമല്ല, എങ്ങിനെയെങ്കിലും അധികാരത്തിൽ കയറുക മാത്രമാണ് അവരുടെ ലക്ഷ്യം. ഇനിയും ഒരുപാട് വികസനം കൊണ്ടുവരുമെന്നാണ് നയപ്രഖ്യാപനത്തിൽ പറഞ്ഞിട്ടുള്ളത്. പ്രതിപക്ഷം ഉത്തരവാദിത്വം കാണിക്കണം. ഇതൊന്നും ശരിയായ രീതിയല്ല, ജനാധിപത്യപരമല്ല. ഏത് ചോദ്യത്തിനും ഉത്തരം പറയും, ഞങ്ങൾ ഒരുവിഷയത്തിൽ നിന്നും ഒളിച്ചോടില്ലെന്നും ശൈലജ പറഞ്ഞു. സോണിയാഗാന്ധിയുടെ വീട്ടിൽ പോറ്റിയും കോൺഗ്രസ് നേതാക്കളും എന്തിനു പോയി എന്ന് ചോദിക്കുന്നില്ല. പക്ഷേ, ഇതിൽ വ്യക്തവരുത്തേണ്ടതുണ്ട്.33 ശതമാനം വോട്ടുകൾ നേടി യു ഡി എഫ് അധികാരത്തിൽ എത്തുമെന്നാണ് എൻ ഡി ടി വിയുടെ സർവ്വേയിൽ പറയുന്നത്. 2016 ൽ എൽ ഡി എഫ് അധികാരത്തിൽ വരുന്നത് നാലു ശതമാനം വോട്ടുകളോടുകൂടിയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ടുകൾ എൽ ഡി എഫിന് കുറയുമെന്നാണ് എൻ ഡി ടി വി സർവേയിൽ പറയുന്നത്. ഇതാണ് സി പി ഐ എമ്മിനെ പ്രതിരോധത്തിലാക്കിയതും.