പ്രഭാത വാർത്തകൾ

 

🔳രാജ്യത്ത് 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ കൊവിഡ് വാക്സീന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന 60 വയസിന് മുകളിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെ ബൂസ്റ്റര്‍ ഡോസ് നല്‍കും. ഭാരത് ബയോട്ടെക്കിന്റെ കോവാക്സിന് കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഒമിക്രോണ്‍ വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മോദി പറഞ്ഞു. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടുകയാണ്. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടതെന്നും മോദി പറഞ്ഞു. കൊറോണയെ നേരിട്ടതിന്റെ അനുഭവം നമുക്കുണ്ട്. ഒമിക്രോണ്‍ വ്യാപനത്തെ നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳2024-ല്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ബി.ജെ.പി. ഭരണഘടന മാറ്റുമെന്നും സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. ഹിന്ദുയിസത്തിന് ഹിന്ദുത്വയുമായി ബന്ധമൊന്നുമില്ലെന്ന് സവര്‍ക്കര്‍, അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഒരിക്കലും പശുവിനെ അമ്മയായി പരിഗണിച്ചിട്ടില്ല. മാത്രമല്ല, ഗോമാംസം കഴിക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്‌നവുമുണ്ടായിരുന്നില്ല, ദിഗ്വിജയ് സിങ് കൂട്ടിച്ചേര്‍ത്തു.

🔳കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. ഉചിതമായസമയത്ത് തീരുമാനമെടുക്കും. നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് നിരാശയില്ല. തല്‍ക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുന്‍പോട്ട് വരുമെന്നും നരേന്ദ്ര സിംഗ് തോമര്‍ കൂട്ടിച്ചേര്‍ത്തു.

🔳വിവാദ കാര്‍ഷികനിയമങ്ങളെക്കുറിച്ചുള്ള കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയുടെ മാപ്പപേക്ഷയെ കൃഷിമന്ത്രി അപമാനിച്ചു എന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക നിയമങ്ങളുമായി വന്നാല്‍ വീണ്ടും പ്രതിഷേധം നേരിടേണ്ടി വരുമെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.

🔳രാജ്യത്ത് കൊവിഡും ഒമിക്രോണും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തും. കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സംസ്ഥാനങ്ങളിലും വാക്സീനേഷന്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളിലേക്കുമാണ് കേന്ദ്രത്തിന്റെ വിദഗ്ധ സംഘം സന്ദര്‍ശനം നടത്തുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശും പഞ്ചാബും പട്ടികയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സ്ഥിതി ഗതികള്‍ സംഘം നേരിട്ടെത്തി പരിശോധിക്കും.

🔳സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ 51 കാരനാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം ഒമിക്രോണ്‍ കേസുകള്‍ 38 ആയി. അതിനിടെ മലപ്പുറത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളെ ഇന്നലെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

🔳മുസ്ലിം ലീഗ് സമൂഹത്തില്‍ വര്‍ഗ്ഗീയ നിറം പകര്‍ത്താന്‍ നോക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വഖഫ് വിഷയത്തില്‍ ഈ നീക്കമാണ് നടന്നത്. വഖഫ് വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പറയുന്നു. അതുകൊണ്ടാണ് സാവകാശം ചര്‍ച്ച ചെയ്തിട്ടുമതി എന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചു. ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳വഖഫ് വിഷയത്തില്‍ രണ്ടാംഘട്ട സമരത്തിനൊരുങ്ങി മുസ്ലീംലീഗ്. അടുത്ത മാസം മൂന്നിന് ചേരുന്ന നേതൃയോഗത്തില്‍ തുടര്‍പ്രക്ഷോഭം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

🔳ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. അതേസമയം, രണ്‍ജീത്ത് വധക്കേസില്‍ പ്രതികളില്‍ എത്താവുന്ന നിര്‍ണായക തെളിവുകള്‍ കൈവശമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. രണ്‍ജീത് ശ്രീനിവാസിനെ വധിച്ചശേഷം സംസ്ഥാനം വിട്ട പ്രതികള്‍ക്ക് വേണ്ടി തമിഴ്നാട്ടിലാണ് അന്വേഷണം ആദ്യം തുടങ്ങിയത്. പിന്നീട് കര്‍ണാടകയിലേക്ക് നീണ്ടു. എസ്ഡിപിഐക്കാരായ പ്രതികള്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിനെ സഹായം ഇവിടങ്ങളില്‍ ലഭിക്കുന്നുണ്ടെന്നും അന്വേഷണം ഇപ്പോള്‍ ഏത് സംസ്ഥാനത്താണെന്ന് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എഡിജിപി പറഞ്ഞു.

🔳ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്‍ രണ്‍ജീതിനെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പൊലീസ് ആണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പരിശോധന പോലും നടന്നില്ല. പൊലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ട്. അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറണം എന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമിന്റെ സഹായം കിട്ടി. ബിജെപി ഒഴികെയുള്ള പ്രസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞു കയറി.ഡിവൈഎഫ്ഐ ഏതാ പോപ്പുലര്‍ ഫ്രണ്ട് ഏതാ എന്നറിയാന്‍ കഴിയാത്ത അവസ്ഥയാണ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

🔳ഒബിസി മോര്‍ച്ചാ നേതാവ് രണ്‍ജിത്ത് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് സംസ്ഥാനം വിട്ടു പോകാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച കാരണമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിപിഎമ്മും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം പ്രതികളെ സഹായിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിക്കുകയാണ്. കേസ് അന്വേഷണത്തില്‍ സര്‍ക്കാരിനെ എസ്ഡിപിഐ സ്വാധീനിച്ചുവെന്നും വി.മുരധീരന്‍ വിമര്‍ശിച്ചു.

🔳കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.രണ്‍ജിത്ത് ശ്രീനിവാസന്റെ വീട് രാജ്യസഭാ എംപി സുരേഷ് ഗോപി സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട സുരേഷ് ഗോപി അവരെ ആശ്വാസിപ്പിച്ചു. രാഷ്ട്രീയകൊലപാതകങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അതിനായി ആരുടെ കാലില്‍ വേണമെങ്കിലും വീഴാമെന്നും സുരേഷ് ഗോപി പറഞ്ഞു.

🔳വിമര്‍ശനങ്ങളെ നേരിട്ട് കെ റെയിലുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഇടതു നിരയില്‍ ഭിന്നത ശക്തമാകുന്നു.ജനങ്ങളുമായി ചര്‍ച്ചചെയ്യാതെ മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമര്‍ശിച്ചു. പരിഷത്തിന്റെ ആശങ്കകള്‍ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കുമ്പോഴാണ് തുടര്‍ വിമര്‍ശനങ്ങള്‍.

🔳അന്തരിച്ച എംഎല്‍എ പി ടി തോമസിനോട് പുരോഹിതര്‍ മാപ്പ് പറയണമെന്ന് സിനിമാ നിര്‍മാതാവ്ആന്റോ ജോസഫ്. ജീവിച്ചിരിക്കെ പി ടിയുടെ പ്രതീകാത്മക ശവ ഘോഷ യാത്ര നടത്തിയതിനാണ് പുരോഹിതര്‍ മാപ്പ് പറയണമെന്ന് പി ടിയുടെ സുഹൃത്തും നിര്‍മാതാവുമായ ആന്റോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്്. മതത്തിന്റെ പേരിലുള്ള സീറ്റ് വീതം വെപ്പ് നിര്‍ത്തി കോണ്‍ഗ്രസ് പി ടിയോട് നീതി പുലര്‍ത്തണമെന്നും ആന്റോ ജോസഫ് ആവശ്യപ്പെട്ടു.

🔳ക്രിസ്മസ് ദിനത്തിലും കുര്‍ബാന പരിഷ്‌കരണത്തില്‍ പ്രതിഷേധം ഒഴിയാതെ എറണാകുളം അങ്കമാലി അതിരൂപത. സിനഡ് നടപടി തിരുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വൈദികരും വിശ്വാസികളും ബിഷപ് ഹൗസില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തി . നിധി പോലെ സൂക്ഷിക്കുന്ന അനുഷ്ഠാനങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം പുതിയ പരിഷ്‌കാരത്തിന് പിന്നിലുണ്ടെന്ന് വൈദികര്‍ പറഞ്ഞു.

🔳മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് സ്ഥലമേറ്റെടുക്കാന്‍ വിജ്ഞാപനം ഇറങ്ങി. 2200 കോടി രൂപയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്ടു നിന്ന് ചുരം കയറാതെ, വെറും എട്ടുകിലോമീറ്റര്‍ യാത്രകൊണ്ട് വയനാട്ടിലെത്താം. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ നിന്ന് മറിപ്പുഴ, സ്വര്‍ഗ്ഗംകുന്ന് വഴി വയനാട്ടിലെ കളളാടിയിലെത്തുന്നതാണ് നിര്‍ദ്ദിഷ്ട തുരങ്കപാത.

🔳മണ്ഡലപൂജയോട് അനുബന്ധിച്ചുള്ള തങ്ക അങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് ഇന്നലെ എത്തി. തുടര്‍ന്ന് അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. ഇന്നാണ് മണ്ഡലപൂജ.

🔳തിരുവനന്തപുരം നെടുമങ്ങാട് വഴി തര്‍ക്കത്തിനിടെ അയല്‍വാസിയെ ദമ്പതികള്‍ കല്ല് കൊണ്ട് തലക്കടിച്ച് കൊന്നു. സംഭവത്തില്‍ ദമ്പതികള്‍ പിടിയിലായി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ നെടുമങ്ങാട് താന്നിമൂട് പച്ചക്കാട് സ്വദേശികളായ ബാബു (55) വിനെയും ഭാര്യ റെയ്ച്ചല്‍ (54) നെയും ആര്യനാട് പനയ്ക്കോട് ബന്ധുവീട്ടില്‍ നിന്നുമാണ് നെടുമങ്ങാട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

🔳ക്രിസ്മസ്, പുതുവത്സര കാലത്ത് യാത്രക്കാരെ കൊള്ളയടിച്ച് വിമാന കമ്പനികള്‍. ഗള്‍ഫ് മേഖലയിലേക്ക് ഉള്‍പ്പെടെ ടിക്കറ്റ് നിരക്കില്‍ മൂന്നിരട്ടിയോളം കൂട്ടിയത് യാത്രക്കാരെ ദുരിതത്തിലാക്കി. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് നിരക്ക് വര്‍ധന ഇരുട്ടടിയാണ്. ക്രിസ്തുമസ് – പുതുവത്സര അവധിക്കാലം നാട്ടില്‍ ആഘോഷിക്കാനെത്തിയ പ്രവാസികളാണ് വിമാന നിരക്ക് കൂട്ടിയതോടെ വെട്ടിലായത്. സംസ്ഥാനത്തെ എല്ലാ അന്താരാഷ്ട്ര സര്‍വ്വീസുകളും നിരക്ക് കൂട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ഗള്‍ഫ് മേഖലയിലേക്ക് തിരിച്ച് പോകാന്‍ മൂന്ന് ഇരട്ടിയിലധികം തുക നല്‍കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

🔳ഗോവയില്‍ ശക്തി തെളിയിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ പാര്‍ട്ടിയില്‍ ചേര്‍ന്ന അഞ്ച് പേരാണ് രാജിവെച്ചത്. ഗോവന്‍ ജനതയെ വോട്ടിന് വേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് ധ്രുവീകരിക്കുകയാണെന്ന് രാജിവെച്ചവര്‍ ആരോപിച്ചു. മതധ്രുവീകരണ രാഷ്ട്രീയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്നതെന്നും അതിനാല്‍ തുടരാനാകില്ലെന്നും ഇവര്‍ പറഞ്ഞു.

🔳അന്തരിച്ച സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ പേര് പഞ്ചാബിലെ ഒരു റോഡിന് നല്‍കി കോണ്‍ഗ്രസ് സര്‍ക്കാര്‍. ബാരാ പിന്‍ഡില്‍ നിന്ന് ജാന്‍ഡിയാല വരെ പോകുന്ന 25 കിലോമീറ്റര്‍ റോഡിനാണ് സഖാവ് ഹര്‍കിഷന്‍ സിങ് സുര്‍ജിത് മാര്‍ഗെന്ന് പേര് നല്‍കിയത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് പേരിട്ടത്. ആറ് കോടി രൂപ ചെലവിലാണ് റോഡ് അറ്റകുറ്റപ്പണി നടത്തി പുനര്‍നാമകരണം നടത്തിയത്. ബുന്‍ഡാലയിലെ സീനിയര്‍ സെക്കന്‍ഡറി സ്മാര്‍ട്ട് സ്‌കൂളിനും സുര്‍ജിത്തിന്റെ പേരിട്ടു. അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കമെന്നും ശ്രദ്ധേയം.

🔳പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മത്സരത്തിനൊരുങ്ങി കര്‍ഷക സംഘടനകള്‍. സംയുക്ത സമാജ് മോര്‍ച്ച എന്ന പാര്‍ട്ടിയുടെ പേരിലാകും മത്സരം. ബല്‍ബീര്‍ സിങ്ങ് രജേവാളാകും പാര്‍ട്ടിയെ നയിക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റിലും മത്സരിക്കാനാണ് തീരുമാനം. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലാവാനും സാധ്യതയുണ്ട്. 22 കര്‍ഷകസംഘടനകളാണ് സംയുക്ത സമാജ് മോര്‍ച്ചയിലെ അംഗങ്ങള്‍.

🔳ലുധിയാന സ്ഫോടനത്തിന് പിന്നില്‍ ലഹരി മാഫിയയെന്ന് പഞ്ചാബ് ഡിജിപി. ലഹരിക്കേസില്‍ തനിക്കെതിരായ രേഖകള്‍ നശിപ്പിക്കാന്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗഗന്‍ ദീപ് നടത്തിയതാണ് സ്ഫോടനമെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്ഫോടനത്തിനായി ഖലിസ്ഥാന്‍ സംഘടനകളുടെ സഹായം കിട്ടിയെന്നും പഞ്ചാബ് ഡിജിപി സിദ്ദാര്‍ത്ഥ് ഛദ്യോപാധ്യായ വ്യക്തമാക്കി. അതേസമയം സ്ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്സ് ആണെന്ന പ്രാഥമിക റിപ്പോര്‍ട്ടും പുറത്തു വന്നു.

🔳ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സര്‍വേ. ഇന്ത്യ ന്യൂസ്-ജന്‍ കി ബാത് സര്‍വേയിലാണ് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സര്‍വേയില്‍ പറയുന്നു. 70 അംഗ നിയമസഭയില്‍ ബിജെപി 35 മുതല്‍ 38 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ആഭ്യന്തര കലഹമാണെങ്കിലും കോണ്‍ഗ്രസ് 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടും. ആറ് സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടുമെന്നും സര്‍വേ പറയുന്നു.

🔳ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. സെഞ്ചൂറിയനില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് കളിതുടങ്ങുക. ട്വന്റി 20- ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വിരാട് കോലിക്ക് കീഴില്‍ ടീം ഇന്ത്യ ആദ്യമായിറങ്ങുന്നു. കോച്ച് രാഹുല്‍ ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ ആദ്യ വിദേശ പര്യടനമാണിത്. ഇന്ത്യ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കുമെന്നാണ് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നല്‍കുന്ന സൂചന.

🔳കേരളത്തില്‍ ഇന്നലെ 44,754 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2407 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 46,318 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 21 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 116 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3377 പേര്‍ രോഗമുക്തി നേടി. ഇതോടെ 24,501 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 505, എറണാകുളം 424, കോഴിക്കോട് 227, കോട്ടയം 177, തൃശൂര്‍ 159, കൊല്ലം 154, കണ്ണൂര്‍ 145, പത്തനംതിട്ട 128, മലപ്പുറം 106, ആലപ്പുഴ 93, വയനാട് 77, പാലക്കാട് 67, കാസര്‍ഗോഡ് 52, ഇടുക്കി 43.

🔳ആഗോളതലത്തില്‍ ഇന്നലെ 4,72,103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 40,458 പേര്‍ക്കും റഷ്യയില്‍ 24,946 പേര്‍ക്കും ഫ്രാന്‍സില്‍ 1,04,611 പേര്‍ക്കും ഇറ്റലിയില്‍ 54,762 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.98 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.43 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 3,796 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 108 പേരും റഷ്യയില്‍ 981 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.12 ലക്ഷമായി.

🔳ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2021 വലിയ നേട്ടങ്ങളുടെ ഭാഗ്യവര്‍ഷമായെന്ന് കണക്കുകള്‍. 36 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സ്റ്റാര്‍ട്ട്അപ്പുകളിലേക്ക് എത്തിയത്. യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് ഡാറ്റ പ്ലാറ്റ്ഫോമായ പ്രികിനാണ് കണക്കുകള്‍ പുറത്തുവിട്ടത്. കൊവിഡിന്റെ പിടിയിലമര്‍ന്ന 2020 ല്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 11 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കിട്ടിയത്. പ്രി ഐപിഒ ഫണ്ടിംഗായി ഒല, സൊമാറ്റോ, പോളിസി ബസാര്‍, നൈകാ, പേടിഎം തുടങ്ങിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് എത്തിയത് 5.58 ബില്യണ്‍ ഡോളറായിരുന്നു. ഇതിന് പുറമെ റിസ്‌ക് കാപിറ്റല്‍ ഫണ്ടുകളും വര്‍ധിച്ചു.

🔳ഫ്രാന്‍ങ്കോ-ഡച്ച് എയര്‍ലൈന്‍ കമ്പനിയായ എയര്‍ഫ്രാന്‍സ്-കെഎല്‍എമ്മുമായി കോഡ് ഷെയര്‍ കരാറിലൊപ്പിട്ട് ഇന്‍ഡിഗോ. കരാര്‍ പ്രകാരം ഇരു കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്ക് പരസ്പരം വിമാനടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ സാധിക്കും. ഇന്‍ഡിഗോ കോഡ് ഷെയര്‍ കരാറിലൊപ്പിടുന്ന നാലാമത്തെ കമ്പനിയാണ് എയര്‍ഫ്രാന്‍സ്-കെഎല്‍എം. ഡല്‍ഹി,മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് എയര്‍ഫ്രാന്‍സ്-കെഎല്‍എം സര്‍വീസുകള്‍. കരാറിന്റെ ഭാഗമായി ഇന്‍ഡിഗോയുടെ 25 പ്രാദേശിക റൂട്ടുകള്‍ എയര്‍ ഫ്രാന്‍സിന് വില്‍ക്കാനാവും. സമാനമായി എയര്‍ഫ്രാന്‍സിന്റെ 250 ഓളം റൂട്ടുകളിലെ ടിക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഇന്‍ഡിഗോയ്ക്കും ആകും. ഇതില്‍ 120 സര്‍വീസുകള്‍ യൂറോപ്പിലേക്കും 50 എണ്ണം അമേരിക്കയിലേക്കുമാണ്. 2022 ഫെബ്രുവരിയില്‍ കരാര്‍ നിലവില്‍ വരും.

🔳ആസിഫ് അലി അഭിനയിക്കുന്ന ചിത്രം ‘എ രഞ്ജിത്ത് സിനിമ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ നിഷാന്ത് സാറ്റുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഷാന്ത് സാറ്റുവാണ് ആസിഫ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്റിക് ത്രില്ലര്‍ ആണ് ചിത്രം. രഞ്ജിത്ത് എന്ന വ്യക്തിയുടെ ജീവിതത്തില്‍ അവിചാരിതമായുണ്ടാകുന്ന മാനസികാഘാതത്തെ തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്നു. ആസിഫ് അലി രഞ്ജിത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നമിതയാണ് ‘എ രഞ്ജിത്ത് സിനിമ’യില്‍ നായികയായി അഭിനയിക്കുന്നത്.

🔳അപര്‍ണ ബാലമുരളി നായികയാകുന്ന ചിത്രമാണ് ‘സുന്ദരി ഗാര്‍ഡന്‍സ്’. നീരജ് മാധവനാണ് ചിത്രത്തില്‍ നായകനാകുന്നത്. ഒരു പ്രണയ കഥയാകും ചിത്രത്തില്‍ പറയുക. ‘സുന്ദരി ഗാര്‍ഡന്‍സ്’ എന്ന ചിത്രത്തിലെ അപര്‍ണ ബാലമുരളിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ ചാര്‍ലി ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അലന്‍സ് മീഡിയയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.

🔳ഇന്ത്യയിലെ ടൊയോട്ട ഡീലര്‍മാര്‍ വരാനിരിക്കുന്ന ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കായ ഹിലക്സിന്റെ ബുക്കിംഗ് അനൗദ്യോഗികമായി സ്വീകരിച്ചു തുടങ്ങി. ഔട്ട്‌ലെറ്റിനെ ആശ്രയിച്ച് 50,000 രൂപ മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ബുക്കിംഗ് തുക. വാഹനത്തിന്റെ ഔദ്യോഗിക വിപണി പ്രവേശനം ജനുവരി 2022-ന് നടത്താനാണ് ടൊയോട്ട ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും അടിസ്ഥാനമാകുന്ന പരിചിതമായ എഎംവി2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ടൊയോട്ട ഹിലക്സ്.

🔳എം.ടിയും വി.കെ.എന്നും ഇ. ശ്രീധരനും ഒടുവില്‍ ഉണ്ണികൃഷ്ണനും മോഹന്‍ലാലും ശ്രീനിവാസനും ഡോ.ബാലകൃഷ്ണനും സത്യനും മധുവും മഞ്ജു വാരിയരും ഷീലയും നയന്‍താരയും ഈ ഓര്‍മക്കുറിപ്പുകളില്‍ സവിശേഷഭംഗികളോടെ, മധുരമുള്ള നര്‍മമായി വിടര്‍ന്നു തെളിയുന്നു. അന്തിക്കാട് ഗ്രാമവും പഴയ മദിരാശി പട്ടണവും ഒറ്റപ്പാലവും കുടജാദ്രിയും ദേശമായും ജീവിതമായും ഗൃഹാതുരതയായും നിറയുന്നു. മലയാളത്തിലെ ഏറ്റവും ജനകീയനായ സംവിധായകന്റെ ഓര്‍മക്കുറിപ്പുകളുടെ ഈ സമാഹാരം അടിതെളിഞ്ഞ ഭാഷകൊണ്ട് പലപ്പോഴും സിനിമാദ്യശ്യങ്ങളെ മറികടക്കുന്നു. ‘പോക്കുവെയിലിലെ കുതിരകള്‍’. സത്യന്‍ അന്തിക്കാട്. മാതൃഭൂമി. വില 150 രൂപ.

🔳രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതുവഴി ലഭിച്ച രോഗപ്രതിരോധശേഷിയെ ഒമൈക്രോണിന് മറികടക്കാന്‍ സാധിക്കുമെന്ന് പഠനം. ആന്റിബോഡി തെറാപ്പിയും ഒമൈക്രോണ്‍ ചികിത്സയ്ക്ക് ഫലപ്രദമല്ലെന്നും അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെയും ഹോങ്കോങ് സര്‍വകലാശാലയിലെയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജേര്‍ണല്‍ നേച്ചറില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പുതിയ വാക്‌സിന്‍ വികസിപ്പിക്കേണ്ടതിന്റേയും പുതിയ ചികിത്സയുടേയും ആവശ്യകതയാണ് മുഖ്യമായി മുന്നോട്ടുവെയ്ക്കുന്നത്. ഒമൈക്രോണിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ആശങ്ക ഉളവാക്കുന്നതാണ്. ഇത് നിലവിലെ വാക്‌സിനുകളുടെ ഫലപ്രാപ്തിക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കൂടാതെ ആന്റിബോഡി തെറാപ്പിയും പ്രയോജനമില്ലാതെ വരാമെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വാക്‌സിനുകള്‍ വഴി ലഭിക്കുന്ന ആന്റിബോഡി കവചത്തെ ഒമൈക്രോണ്‍ മറികടക്കുന്നതായാണ് പരീക്ഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. മോഡേണ, ഫൈസര്‍, ആസ്ട്രാ സെനേക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയുടെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് വഴി ലഭിച്ച രോഗപ്രതിരോധശേഷിയെ ഒമൈക്രോണ്‍ മറികടക്കുന്നുണ്ട്. ഒമൈക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ ഈ വാക്‌സിനുകള്‍ ഫലപ്രദമല്ല എന്നാണ് പരീക്ഷണത്തില്‍ വ്യക്തമായത്. കോവിഡ് ബാധിച്ചത് വഴി ലഭിച്ച സ്വാഭാവിക പ്രതിരോധശേഷിയെയും ഒമൈക്രോണ്‍ മറികടക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫൈസറിന്റെയും മോഡേണയുടെയും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് ഒമൈക്രോണിനെതിരെ കൂടുതല്‍ പരിരക്ഷ ലഭിച്ചേക്കാമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
വളരെ നാളുകള്‍ എടുത്ത് നല്ല ബലത്തിലാണ് ആ മതില്‍ പണിതത്. മതില്‍ പണിത് ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. പക്ഷേ, ആ വീട്ടിലെ ഗൃഹനാഥന്‍ തന്നെ ആ മതില്‍ പൊളിക്കുന്നത് കണ്ട് എല്ലാവര്‍ക്കും അത്ഭുതമായി. അയാളുടെ സുഹൃത്ത് എന്തിനാണ് ഈ പുതിയ മതില്‍ പൊളിക്കുന്നത് എന്ന് ചോദിച്ചു. അയാള്‍ പറഞ്ഞു: മതില്‍ പണിതതിന് ശേഷം രണ്ടുതവണ വീട്ടില്‍ കള്ളന്‍ കയറി. അതാണ് ഞാന്‍ ഈ മതില്‍ പൊളിക്കുന്നത്. അപ്പോള്‍ സുഹൃത്ത് ചോദിച്ചു: കള്ളന്‍ കയറാതിരിക്കാന്‍ മതില്‍ ഉള്ളതല്ലേ നല്ലത്. അപ്പോള്‍ അയാള്‍ പറഞ്ഞു: കള്ളന്‍ രണ്ടുതവണയും ഈ മതിലില്‍ ഏണി ചാരിവെച്ച് ആണ് വീട്ടിലേക്ക് കയറിയത്. ഈ മതില്‍ പൊളിച്ചുകളഞ്ഞാല്‍ പിന്നെ എവിടെ ഏണി ചാരുമെന്ന് അറിയാമല്ലോ? … അടിത്തറകള്‍ പൊളിച്ചുപണിയേണ്ടിടത്തു മേല്‍ക്കൂരകള്‍ മിനുക്കിയിട്ട് എന്താണ് കാര്യം..അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ അലങ്കാരപ്പണികള്‍ ചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക നേട്ടങ്ങളും സംതൃപ്തിയുമാണ് പ്രധാനം. ഒരു പ്രശ്‌നം പരിഹരിക്കുന്നതിന് മുമ്പ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. എന്താണ് യഥാര്‍ത്ഥപ്രശ്‌നം, പുറമേ കാണുന്നത് ലക്ഷണങ്ങള്‍ മാത്രമാണോ, കാരണങ്ങളല്ലേ പരിഹരിക്കപ്പെടേണ്ടത്, പരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാകും, ആ തീരുമാനം പരാജയപ്പെട്ടാല്‍ പിന്നെ മറ്റ് സാധ്യതകള്‍ എന്തൊക്കെയാണ് തുടങ്ങിയ അന്വേഷണങ്ങള്‍ ഓരോ പരിഹാരകര്‍മ്മത്തിനുമുമ്പും ഉണ്ടാകണം. ഇതിന് കൃത്യമായ നിരീക്ഷണവും നിക്ഷ്പക്ഷമായ വിലയിരുത്തലും വേണം. ഏണി ചേരാനുള്ള ഇടങ്ങളല്ല, ഏണിവെച്ചുകയറി മോഷ്ടിക്കാനുള്ള മനോഭാവമാണ് തിരുത്തപ്പെടേണ്ടത്. പ്രവൃത്തികള്‍ ശരിയാകണമെങ്കില്‍ അവയ്ക്കു പിന്നിലെ മനോഭാവങ്ങളും മാറണം. മിനുക്കുപണിയില്‍ ഒരു കാര്യവുമില്ലെന്ന് തിരിച്ചറിയാം, മാറ്റം നമ്മുടെ കാഴ്ചപ്പാടുകളിലും പ്രവൃത്തിയിലും കൊണ്ടുവരാന്‍ ശ്രമിക്കാം