ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഡിസംബർ 26 ബോക്സിംഗ് ഡേ ദിനത്തിൽ ഇന്ത്യൻ സമയം 1.30ന് സെഞ്ചൂറിയനിലാണ് മത്സരം. ഇന്ത്യൻ ക്രിക്കറ്റിലെ തലമുറ മാറ്റ വിവാദങ്ങൾക്കിടെയാണ് മത്സരം നടക്കുന്നത്. ഇന്ത്യയുടെ ഏകദിന ടീം നായകൻ രോഹിത് ശർമ പരുക്കിനെ തുടർന്ന് ടെസ്റ്റ് പരമ്പരയിൽ കളിക്കുന്നില്ല
ഏകദിന, ടി20 ടീമിന്റെ നായക സ്ഥാനം നഷ്ടപ്പെട്ട കോഹ്ലിക്ക് ടെസ്റ്റ് പരമ്പര നിർണായകമാണ്. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന ദുഷ്പേര് മായ്ച്ചുകളയനാകും കോഹ്ലിയുടെ ശ്രമം. ഇംഗ്ലണ്ടിനെതിരെയും ന്യൂസിലാൻഡിനെതിരെയും ടെസ്റ്റ് പരമ്പരകൾ സ്വന്തമാക്കിയതിന് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് എത്തിയത്
കെ എൽ രാഹുലും മായങ്ക് അഗർവാളുമാകും ഇന്ത്യൻ ഇന്നിംഗ്സ് ഓപൺ ചെയ്യുക. ചേതേശ്വർ പൂജാര, രഹാനെ, ശ്രേയസ്സ് അയ്യർ തുടങ്ങിയവരും ടീമിലിടം പിടിച്ചേക്കും. പേസ് ബൗളിംഗിനെ തുണക്കുന്ന പിച്ചാകും ദക്ഷിണാഫ്രിക്കയിലേത്.
ദക്ഷിണാഫ്രിക്കയുടെ ഭാഗ്യ ഗ്രൗണ്ടാണ് സെഞ്ചൂറിയനിലേത്. ഇവിടെ കളിച്ച 26 ടെസ്റ്റിൽ 21 എണ്ണത്തിലും ദക്ഷിണാഫ്രിക്ക വിജയിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങൾ സമനില ആയപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് തോറ്റിട്ടുള്ളത്. ഇന്ത്യ ഇവിടെ രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. രണ്ടിലും തോൽവി ആയിരുന്നു ഫലം. എന്നാൽ പഴയ കരുത്ത് ദക്ഷിണാഫ്രിക്കക്ക് ഇപ്പോൾ അവകാശപ്പെടാനില്ല. ഓസ്‌ട്രേലിയയിലെ ഗാബ കീഴടക്കാമെങ്കിൽ സെഞ്ചൂറിയനും പിടിച്ചെടുക്കാമെന്ന വിശ്വാസത്തിലാണ് കോഹ്ലിയും കൂട്ടരും.