Headlines

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും; ഒ.ജെ ജനീഷും, ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും

സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജനീഷും, വര്‍ക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലുമാണ് ചുമതലയേല്‍ക്കുന്നത്. കെപിസിസി ഓഫീസില്‍ രാവിലെ 11 മണിക്കാണ് ചുമതലയേല്‍ക്കല്‍ ചടങ്ങ്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ചടങ്ങില്‍ പങ്കെടുക്കും. വി.ഡി സതീശന്‍, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ പങ്കെടുക്കില്ല.

അധ്യക്ഷന്‍ ഇല്ലാത്ത ദിവസങ്ങള്‍ക്ക് ശേഷമാണ് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് ഒ.ജെ ജനീഷിനെ പ്രഖ്യാപിച്ചത്. നേതാക്കന്മാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തയായിരുന്നു യൂത്ത് കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. ഒടുവില്‍ സമുദായിക സമവാക്യമാണ് അധ്യക്ഷനായി തിരഞ്ഞെടുത്ത ഒ.ജെ ജനീഷിന് തുണയായത്. ഈഴവ വിഭാഗത്തില്‍പ്പെട്ട ജനീഷിന് ഷാഫി പറമ്പിലിന്റെ പിന്തുണയും കരുത്തായി. യൂത്ത് കോണ്‍ഗ്രസില്‍ ആദ്യമായി വര്‍ക്കിംഗ് പ്രസിഡന്റുമുണ്ടായി. കീഴ്വഴക്കങ്ങള്‍ മറികടന്ന് ബിനു ചുള്ളിയിലിനെ ആ സ്ഥാനത്തേക്ക് നിയമിച്ചതും കെസി വേണുഗോപാല്‍ പക്ഷക്കാരന്‍ എന്ന മെറിറ്റ് കാരണമെന്ന് അഭിപ്രായമുണ്ട്.

കെ.പി.സി.സി അധ്യക്ഷനും, കെ.എസ്.യു അധ്യക്ഷനും, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ- ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടത് എന്നതാണ് അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായത്. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതാണ് കെഎം അഭിജിത്തിനെ ഒഴിവാക്കാന്‍ ഉള്ള കാരണം. തര്‍ക്കം ഒഴിവാക്കാനായി ഇരുവരെയും ദേശീയ സെക്രട്ടറിമാരായി നിയമിക്കുകയും ചെയ്തിരുന്നു.