നമ്മൾ ഒന്നിച്ചു ഒരു ടീമായി അങ്ങ് ഇറങ്ങും, പിണറായി സർക്കാരിന്റെ അവസാനത്തെ അടി നമ്മൾ ഒന്നിച്ചടിക്കും’: അബിൻ വർക്കി

രാഹുൽഗാന്ധി ഉള്ളതുകൊണ്ട് മാത്രമാണ് ഈ സംഘടനയിലേക്ക് വന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. താളുകൾ മറിക്കുകയാണ്, പുസ്തകം അടയ്ക്കുകയല്ല. നേതൃത്വം മാത്രമല്ല സംഘടനയ്ക്ക് വേണ്ടി ചോരയൊലിപ്പിച്ചവരും ജയിലിൽ പോയവരും അനവധിയാണ്. പേരാമ്പ്രയിൽ ഇപ്പോഴും ഏഴ് പ്രവർത്തകർ ജയിലിലാണ്.

യൂത്ത് കോൺഗ്രസിന്റെ പുതിയൊരു തലത്തിൽ പ്രവർത്തിക്കാൻ എനിക്ക് അവസരം തന്നു എന്നാണ് കരുതുന്നത്. രാഹുൽഗാന്ധി ഉള്ളതുകൊണ്ട് മാത്രമാണ് ഈ സംഘടനയിലേക്ക് വന്നത്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നത് രാഹുൽഗാന്ധി ഉള്ളതുകൊണ്ട്.

നമ്മുടെ മുൻപിൽ ഒറ്റ മുദ്രാവാക്യം മാത്രം. ഡൂ ഓർ ഡൈ എന്നതാണ് മുദ്രാവാക്യം. ഒരു ടീമായി തന്നെ മുന്നോട്ടു പോകുമെന്നും അബിൻ വർക്കി വ്യക്തമാക്കി. നമ്മൾ ഒന്നിച്ചു ഒരു ടീമായി അങ്ങ് ഇറങ്ങും. പിണറായി സർക്കാരിന്റെ അവസാനത്തെ അടി നമ്മൾ ഒന്നിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അബിൻ വർക്കി ചടങ്ങിൽ പങ്കെടുത്തത് ദേശീയ നേതൃത്വത്തിന്റെ ഉറപ്പിന് ശേഷം. അബിൻ വർക്കിയും നാല്പതോളം ഭാരവാഹികളും ദേശീയ അദ്ധ്യക്ഷനുമായി രാവിലെ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ യൂത്ത് കോൺഗ്രസ് ചുമതലയുള്ള എഐസിസി പ്രതിനിധിയും പങ്കെടുത്തു.

മസ്കറ്റ് ഹോട്ടലിൽ രാവിലെയാണ് ചർച്ച നടന്നത്. അധ്യക്ഷ തെരഞ്ഞെടുപ്പിലെ പ്രതിഷേധം അറിയിച്ചു. പരിഹാരം ഉറപ്പു നൽകിയതിനുശേഷം ആണ് അബിൻ വർക്കിയും ഐ ഗ്രൂപ്പ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തത്.