Headlines

കാര്‍ഷിക സര്‍വകലാശാലയില്‍ ഫീസ് മൂന്നിരട്ടിയാക്കി; താങ്ങാനാകാതെ ആഗ്രഹിച്ചെടുത്ത കോഴ്‌സ് പാതിയില്‍ നിര്‍ത്തി വിദ്യാര്‍ഥി

കാര്‍ഷിക സര്‍വകലാശാലയില്‍ കുത്തനെ ഉയര്‍ത്തിയ ഫീസ് താങ്ങാന്‍ ആകാതെ വിദ്യാര്‍ത്ഥി പഠനം ഉപേക്ഷിച്ചു. താമരശ്ശേരി സ്വദേശി അര്‍ജുനാണ് പഠനം ഉപേക്ഷിച്ചത്. ഈ വര്‍ഷം മുതല്‍ മൂന്ന് ഇരട്ടി ഫീസാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയത്.

പ്ലസ്ടുവിന് ശേഷം തുടര്‍ച്ചയായി മൂന്നുവര്‍ഷം എന്‍ട്രന്‍സ് പഠനം നടത്തി മികച്ച റാങ്ക് നേടിയാണ് അര്‍ജുന്‍ ബിഎസ് സി അഗ്രികള്‍ച്ചര്‍ കോഴ്‌സിന് ചേര്‍ന്നത്. ആഗ്രഹിച്ച് പ്രവേശനം നേടിയ കോഴ്‌സ് ആണെങ്കിലും അര്‍ജുന്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു.

നോട്ടിഫിക്കേഷന്‍ പ്രകാരം ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ കോഴ്‌സിന് സെമസ്റ്റര്‍ 12000 രൂപയായിരുന്നു ഫീസ്. അഡ്മിഷന്‍ എത്തിയപ്പോള്‍ അത് 36000 ആയി ഉയര്‍ന്നു. കൃത്യം മൂന്ന് ഇരട്ടി. ഹോസ്റ്റല്‍ഫീസും മറ്റു ചിലവുകളും ചേര്‍ത്താല്‍ ഒരു വര്‍ഷം ഒന്നരലക്ഷം രൂപയില്‍ അധികം കണ്ടെത്തണം. അതിനുള്ള സാമ്പത്തിക അടിത്തറ ഇല്ലാത്തതിനാലാണ് അര്‍ജുന്‍ പഠനം ഉപേക്ഷിച്ചത്. നിരവധി പ്രതിഷേധങ്ങള്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയെങ്കിലും ഫീസ് കുറയ്ക്കാന്‍ സര്‍വകലാശാല തയ്യാറായിരുന്നില്ല. 200 കോടിയിലധികം രൂപയുടെ സാമ്പത്തിക ബാധ്യതയുള്ളതിനാലാണ് ഫീസ് വര്‍ധിപ്പിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.