Headlines

ഇടുക്കി അടിമാലിയിൽ മണ്ണിടിച്ചിൽ, കുടുംബം മണ്ണിനിടയില്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം നടക്കുന്നു

ഇടുക്കി: ഇടുക്കി അടിമാലിക്ക് സമീപം കൂമ്പൻ പാറയിലെ ദേശീയ പാതയിൽ മണ്ണിടിച്ചിൽ. അപകടാവസ്ഥയിൽ ഉണ്ടായിരുന്ന മണ്ണ് താഴേക്ക് പതിക്കുകയായിരുന്നു. ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം. ബിജു എന്നയാളും ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്. പൊലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തേക് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. സന്ധ്യയുമായി ഫോണില്‍ ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട് എന്നാണ് വിവരം. വീടിന്‍റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞു വീഎഴുകയായിരുന്നു. ഇവര്‍ വീടിന്‍റെ ഹോളിലാണ് കുടുങ്ങിക്കിടക്കുന്നത്. വീടിന്‍റെ കോണ്‍ഗ്രീറ്റ് നീക്കി ഇരുവരേയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. ജാക്കി വെച്ച് കോണ്‍ഗ്രീറ്റ് പാളികൾ ഉയർത്താനും ശ്രമിക്കുന്നുണ്ട്.

25 ഓളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അതില്‍ ബിജുവും ഭാര്യയും ഉണ്ടായിരുന്നു. പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിന് വേണ്ടി ഇരുവരും വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അപകടം എന്നാണ് റിപ്പോർട്ട്. കുടുങ്ങിക്കിടക്കുന്നവരെ കാണാന്‍ സാധിക്കുന്നുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകർ പറയുന്നത്. അടിമാലി ഉന്നതിയിൽ നിന്നും കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ് നിലവില്‍. ഉന്നതിക്ക് മുകൾ ഭാഗത്തായി വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണ് അടിമാലി ഗവണ്‍മെന്‍റ് സ്കൂളിൽ ക്യാമ്പ് തുറന്നത്.