പൊള്ളാച്ചിയിലെ ആളിയാര്‍ ഡാമിന് താഴെ തമിഴ്‌നാടിന്റെ പുതിയ ഡാം. തമിഴ്‌നാട് ബജറ്റിലാണ് പ്രഖ്യാപനം. നടപടി വേഗത്തിലാക്കാന്‍ തമിഴ്‌നാടിന്റെ തീരുമാനം. 11,000 കോടിരൂപ ചിലവിലാണ് പദ്ധതി. ചിറ്റൂര്‍ പുഴയിലേക്കുള്ള ഒഴുക്ക് നിലയ്ക്കുമെന്ന് കേരളത്തിന് ആശങ്ക. നിയമനടപടിക്ക് ഒരുങ്ങി കേരളം.
തമിഴ്‌നാട് എപ്പോഴും കരാര്‍ ലംഘിക്കുകയാണെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. അണ്‍കണ്‍ട്രോള്‍ഡ് ഫ്‌ളഡ് വാട്ടറും കരാര്‍ പ്രകാരം നമുക്ക് കിട്ടേണ്ടതാണ്. അതും തടഞ്ഞ് അവരെടുക്കാനാണ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ ഭാരതപ്പുഴ പുഴ അല്ലാത്തൊരു സ്ഥിതിയിലെത്തും. അത് വെറും പറമ്പാകും. നിയമപരമായ നടപടയെടുക്കാന്‍ വേണ്ടി ഇറിഗേഷന്‍ വകുപ്പ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ – അദ്ദേഹം പറഞ്ഞു.
നിലവില്‍ ആളിയാര്‍ ഡാമില്‍ നിന്നും മൂലത്തറയിലേക്കാണ് വെള്ളമെത്തുന്നത്. അതിനു ശേഷമാണ് ചിറ്റൂര്‍ പുഴയിലേക്കും മറ്റ് ചെറുനദികളിലേക്കും വെള്ളമെത്തുന്നത്. നിലവില്‍ 7.25 ടിഎംസി വെള്ളം ആളിയാര്‍ ഡാം വഴി ചിറ്റൂര്‍ പുഴയിലേക്ക് എത്തണമെന്നതാണ് കരാര്‍. എന്നാല്‍ ആ കരാര്‍ കഴിഞ്ഞ കുറേ കാലങ്ങളായി തമിഴ്‌നാട് ലംഘിക്കുന്നുണ്ട്. കേരളത്തിന് മതിയായ വെള്ളം ലഭിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട കരാറും പുതുക്കിയിട്ടില്ല. ഈ വിഷയങ്ങളൊക്കെ കാണിച്ച് നിലവില്‍ സുപ്രീംകോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കടുത്ത നിലപാട്.






