ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രോക്ഷവുമായി പ്രദേശവാസികൾ. വീട് ഉപേക്ഷിച്ചുപോകേണ്ട അവസ്ഥയായെന്നും സുരക്ഷയില്ലെന്നും പ്രദേശവാസി ഷൈജു പറയുന്നു. ഉത്തരവാദിത്തപ്പെട്ടവർ ഇടപ്പെട്ട് ഇവിടെ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലതത്തേക്ക് മാറ്റിപാർപ്പിക്കാനുള്ള സംവിധാനം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
ദേശീയപാത നിർമാണം തുടങ്ങിയതു മുതൽ പ്രശ്നങ്ങളുണ്ടായിരുന്നതായി ഷൈജു ട്വന്റിഫോറിനോട് പറഞ്ഞു. 40 കുടുംബങ്ങൾക്ക് മുകളിൽ പ്രദേശത്ത് താമസിക്കുന്നുണ്ട്. സുരക്ഷിതമായി ജീവിക്കാൻ എന്തെങ്കിലും സംവിധാനം വേണമെന്നാണ് ഷൈജു പറയുന്നത്. മണ്ണെടുത്തുകൊണ്ടിരുന്നപ്പോഴേ മണ്ണിടിച്ചിൽ ഉണ്ടായിരുന്നുവെന്ന് അപകടത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ട പ്രദേശവാസി പറയുന്നു. ഇന്നലെ മെമ്പർ വന്ന് മാറാൻ പറഞ്ഞപ്പോൾ പോയതാണ്. വരുമ്പോൾ മണ്ണിനടിയിലാണ് വീടെന്നും എങ്ങനെ ഇനി വരാനാണെന്നും അദേഹം പ്രതികരിച്ചു.
ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചുകൊണ്ടായിരുന്നു കമ്പനി മണ്ണെടുപ്പ് തുടർന്നിരുന്നത്. ദേശീയപാത നിർമാണത്തിനായി അനധികൃതമായി മണ്ണെടുത്തതാണ് നാൽപ്പത് അടിയുള്ള മൺതിട്ട രൂപപ്പെടാൻ കാരണമായത് എന്ന് തുടക്കം മുതൽ തന്നെ പ്രദേശവാസികൾ പറയുന്നുണ്ടായിരുന്നു. എൻഎച്ച് നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടായ അപകടമെന്ന് സംഭവസ്ഥലത്തെത്തിയ മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചു. അശാസ്ത്രീയമായ ദേശീയപാത നിർമാണമാണ് അപകടത്തിന് കാരണമെന്ന് പഞ്ചായത്ത് മെമ്പർ ടിഎസ് സിദ്ദിഖും സാക്ഷ്യപ്പെടുത്തി. കഴിഞ്ഞ ദിവസവും സമാന രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.ഇന്നലെ രാത്രി പത്തരയോടെയാണ് ഇടുക്കി അടിമാലിയിലെ ലക്ഷം വീട് ഉന്നതിയിലെ ഇരുപതോളം വീടുകൾക്കു മുകളിലേക്ക് നാൽപത് അടി ഉയരമുള്ള മൺ തിട്ട ഇടിഞ്ഞു വീണത്. നിരവധി വീടുകൾ മണ്ണിനടിയിലായി. ചില വീടുകളിൽ ആളുകളുണ്ടായിരുന്നു. ആദ്യമെത്തിയ നാട്ടുകാർ ഇവരെയെല്ലാം സുരക്ഷിതമായി മാറ്റി. എന്നാൽ ബിജുവും സന്ധ്യയും കോൺക്രീറ്റ് സ്ലാബുകൾക്കടിയിൽ പെട്ടുപോയി. ഇവരെ പുറത്തെടുത്തെങ്കിലും ബിജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. രക്ഷപ്പെടുത്തിയ സന്ധ്യയെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.








