Headlines

അടിമാലി മണ്ണിടിച്ചില്‍; രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു; ആറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം

ഇടുക്കി അടിമാലിക്കടുത്ത് ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് വീടുകൾ പൂർണമായി തകർന്നു. ഒമ്പത് വീടുകൾക്ക് മുകളിലേക്കാണ് മണ്ണി ഇടിഞ്ഞുവീണത്. ഇന്നലെ രാത്രി പത്തരയോടെയാണ് മണ്ണിടിഞ്ഞത്. 40 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും വീടുകളിലേക്കും പതിക്കുകയായിരുന്നു. വീട് തകർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽപ്പെട്ട ബിജു മരിച്ചു.

ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർ‌ത്തനത്തിനൊടുവിലാണ് ബിജുവിനെയും ഭാര്യ സന്ധ്യയെയും പുറത്തെടുത്തത്. സന്ധ്യയെയാണ് ആദ്യം പുറത്തെടുത്തത്. ​ഗുരുതരമായി പരുക്കേറ്റ സന്ധ്യയെ എറണാകും രാജ​ഗിരി ആശുപത്രിയിലേക്ക് മാറ്റി. ബിജുവിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോൺക്രീറ്റ് പാളികൾ ജാക്കി ഉപയോഗിച്ച് തടഞ്ഞുനിർത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്.

ബിജുവും സന്ധ്യയും കോണ്‍ക്രീറ്റ് സ്ലാബുകള്‍ക്കടിയില്‍ പെട്ടുപോയി. ഇരുവരുടെയും കാലുകള്‍ പരസ്പരം പിണഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു. അവര്‍ക്കു മുകളിലേക്കാണ് കെട്ടിടത്തിന്റെ ബീം തകര്‍ന്നു വീണത്. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മാറി താമസിക്കാനുള്ള നിര്‍ദേശം അധികൃതര്‍ നേരത്തേ തന്നെ നല്‍കിയിരുന്നു. എന്നാല്‍ തങ്ങള്‍ അടുത്തുള്ള കുടുംബ വീട്ടിലേക്ക് മാറാം എന്ന് അധികൃതരെ അറിയിച്ച് ബിജുവും സന്ധ്യയും അവിടെ തന്നെ തുടരുകയായിരുന്നു.