കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ ഫസ്റ്റ് ഓണർ മാഹിൻ അൻസാരിയെ കസ്റ്റംസ് ചോദ്യം ചെയ്തു. വാഹന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ സഹിതമാണ് മാഹിൻ അൻസാരി കസിൻസ് ഓഫീസിൽ ഹാജരായത്. അൻസാരി സമർപ്പിച്ച രേഖകൾ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കി.
കോയമ്പത്തൂർ സംഘവുമായിയുള്ള മാഹിന്റെ ബന്ധമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. പരിശോധന ശക്തമാക്കിയതോടെ ഉടമകൾ വാഹനം മാറ്റിയെന്ന സംശയത്തിലാണ് കസ്റ്റംസ് . വാഹനത്തിന്റെ ഉടമകൾ നമ്പറും നിറവും മാറ്റിയെന്നാണ് നിഗമനം . വാഹനം കേരളത്തിൽ നിന്ന് പുറത്തേക്ക് കടത്താനായി ശ്രമം നടക്കുന്ന പശ്ചാത്തലത്തിൽ ചെക്ക് പോസ്റ്റുകളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ ചെക്ക് പോസ്റ്റുകളിൽ കൈമാറിയിരിക്കുകയാണ്. ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായി ഇതുവരെ 38 വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്.
അതിനിടെ വാഹനം പിടിച്ചെടുത്ത് കസ്റ്റംസ് നടപടിക്കെതിരെ നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് നടപടിയെ ചോദ്യം ചെയ്താണ് ദുൽഖർ സൽമാൻ ഹര്‍ജി നൽകിയിരിക്കുന്നത്.നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും ദുൽഖര്‍ ഹര്‍ജിയിൽ വ്യക്തമാക്കുന്നു.വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. കസ്റ്റംസിനോട് വിശദീകരണം തേടിയ ഹൈക്കോടതി ഹർജി ചൊവ്വാഴ്ച പരിഗണിക്കും. അതിനിടെ നടൻ അമിത് ചക്കാലക്കൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും വിദേശത്തേയ്ക്കും നടത്തിയ യാത്രകൾ അന്വേഷണസംഘം വിശദമായി പരിശോധിക്കും.