കൊച്ചിയിൽ പിടിച്ച ഫസ്റ്റ് ഓണർ വാഹനം മൂവാറ്റുപുഴ സ്വദേശിയുടേത്? അടിമുടി ദുരൂഹതയെന്ന് കസ്റ്റംസ്

ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി കൊച്ചി കുണ്ടന്നൂരിൽ നിന്ന് ഇന്നലെ പിടിച്ചെടുത്ത ഫസ്റ്റ് ഓണർ ലാൻഡ് ക്രൂയിസർ വാഹനം മലയാളിയുടേതെന്ന് സംശയം. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് വ്യാജ മേൽവിലാസത്തിലെന്ന് കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ മാഹിന് കസ്റ്റംസ് സമൻസ് നൽകി. വ്യാജ മേൽവിലാസം നൽകി വാഹനം ഇറക്കിയത് മൂവാറ്റുപുഴ സ്വദേശിയെന്നാണ് സംശയം.

രണ്ടാഴ്ച മുമ്പാണ് ലാൻഡ് ക്രൂയിസർ കുണ്ടന്നൂരിലെ വർക്ക് ഷോപ്പിലേക്ക് എത്തിച്ചത്. ഇവിടെ എത്തിച്ച് നിറം മാറ്റാനായിരുന്നു നീക്കം. ഫസ്റ്റ് ഓണർ വാഹനത്തിൽ അടിമുടി ദുരൂഹതയെന്ന് കസ്റ്റംസ് വ്യക്തമാക്കി. കോയമ്പത്തൂരിലെ റാക്കറ്റുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്ന കാര്യങ്ങളിലടക്കം അന്വേഷണം നടത്തും.

ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം കടത്തുന്നതിന് പിന്നിൽ വൻ തട്ടിപ്പുസംഘമെന്ന് കസ്റ്റംസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. ഭൂട്ടാനിൽ നിന്ന് ഇരുന്നൂറോളം വാഹനങ്ങളാണ് കേരളത്തിലേക്ക് എത്തിയത്. 35 ഇടങ്ങളിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ 36 വാഹനങ്ങൾ പിടിച്ചെടുത്തു.പരിശോധന നടത്തിയ സ്ഥലങ്ങളിൽ വൻ ജിഎസ്ടി തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിലകൂടിയ വാഹനങ്ങൾ ഭൂട്ടാനിൽ എത്തിച്ച പിന്നീട് വാഹനങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.

നടൻ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും നീക്കമുണ്ട്. താരങ്ങൾക്കടക്കം വാഹനം എത്തിച്ച് നൽകുന്നത് അമിത് ആണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തും ഇതിനായി നടനെ വീണ്ടും വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം.