പലസ്തീൻ ഐക്യദാർഡ്യം ഹിന്ദു വിരുദ്ധമല്ല, ലോകമാകെ പലസ്തീന് പിന്തുണ പ്രഖ്യാപിക്കുകയാണ്: എം വി ഗോവിന്ദൻ

പലസ്തീന് ഐക്യദാർഡ്യവുമായി സിപിഐഎം. പലസ്തീൻ ഐക്യദാർഡ്യം ഹിന്ദു വിരുദ്ധമല്ല. ലോകമാകെ പലസ്തീന് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. എസ് ഐ ആർ കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ കേസ് നിലവിലുണ്ട്. അന്തിമ വിധി വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. എസ് ഐ ആറുമായി മുന്നോട്ട് പോകുന്നത് കോടതിയലക്ഷ്യമാണ്. പൗരത്വ രജിസ്റ്റർ വളഞ്ഞ വഴിയിലൂടെ കൊണ്ടുവരാനുള്ള ശ്രമമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.SIR ന് എതിരെ ജനകീയ മുന്നേറ്റം ഉയരണം. SIR വിഷയത്തിൽ AKG പഠന ഗവേഷണ കേന്ദ്രം സെമിനാർ സംഘടിപ്പിക്കും. ഒക്ടോബർ മാസത്തിൽ സെമിനാർ സംഘടിപ്പിക്കാനാണ് തീരുമാനം. കുടിയേറിയവരെ ഒഴിവാക്കുന്നത് പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുകയാണ്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഉദ്യോഗസ്ഥരുള്ളത് അതിൻ്റെ പ്രവർത്തനങ്ങളിലാണ്.

എസ്ഐആർ നടപ്പാക്കുന്നത് അപ്രായോഗികമെന്നാണ് ബിജെപി ഒഴികെയുള്ള പാർട്ടികളുടെ നിലപാട്. ഇത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ രേഖാമൂലം അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. എയിംസ് വിവാദത്തിൽ ബിജെപിയിലെ തർക്കം അവസാനിപ്പിക്കണമെന്ന് പറഞ്ഞ എം വി ​ഗോവിന്ദൻ എയിംസ് ഇല്ലാതാക്കാൻ നോക്കുന്നുവെന്നും വിമർശിച്ചു. എയിംസ് എത്രയോ മുമ്പ് കേരളത്തിൽ ലഭിക്കേണ്ടതായിരുന്നു എന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാരും എംപിമാരും കേന്ദ്രസർക്കാരിനോട് ആവശ്യം ഉന്നയിച്ചു.

കിനാലൂരിൽ ഭൂമി കണ്ടെത്തി നൽകി. കേന്ദ്ര ആരോഗ്യമന്ത്രിയോ സർക്കാരോ കിണാലൂരിലെ ഭൂമി സ്വീകാര്യമല്ലെന്ന് പറഞ്ഞിട്ടില്ല. വികസന കാര്യത്തിൽ എങ്കിലും കേരള ബിജെപി തമ്മിൽ തല്ല് അവസാനിപ്പിക്കണമെന്നും എം വി ​ഗോവിന്ദൻ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റം നിരുത്തരവാദപരം.

കേരളത്തിൻറെ ഭാവിയെ തന്നെ തകർക്കാൻ കൂട്ടുനിൽക്കുന്ന നിലപാടാണ് ഉണ്ടാകുന്നത്. കർണാടക മന്ത്രി കേരളം വിദ്യാഭ്യാസ മനുഷ്യ വിഭവ ശേഷിയിൽ ഒന്നാമതാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയെങ്കിലും കേരളത്തിലെ കോൺഗ്രസുകാർ വികസന കുതിപ്പ് അംഗീകരിച്ച് അക്രമ സമരത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൻ്റെ വികസനത്തിന് മൂന്നാം ഘട്ടം ഒരുങ്ങുന്നതിന് എല്ലാ വിഭാഗവും പിന്തുണ നൽകുന്നു എന്നതിന്റെ തെളിവാണ് NSS പിന്തുണ. LDF സർക്കാർ സ്വീകരിക്കുന്ന നടപടികളോടുള്ള ജനങ്ങളുടെ പിന്തുണ പ്രഖ്യാപിക്കൽ ആയിട്ട് വേണം ഇതിനെ കാണാൻ. യുവതി പ്രവേശനം പോലുള്ള കാര്യങ്ങൾ അടഞ്ഞ അധ്യായം. അതൊന്നും ഇനി തുറക്കാൻ ഉദ്ദേശിക്കുന്നില്ല. മൂന്നാം ഭരണത്തിന് NSS പിന്തുണ ഗുണകരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.