Headlines

‘വെൽഫയർ പാർട്ടിയുമായി മുസ്‍‍ലിം ലീഗിന് സഖ്യമില്ല; പ്രാദേശിക നീക്കുപോക്കുണ്ട്’; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

വെൽഫയർ പാർട്ടിയുമായി മുസ്‍‍ലിം ലീഗിന് സഖ്യമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ പ്രാദേശിക നീക്കുപോക്കുണ്ടെന്ന് അദേഹം പറഞ്ഞു. യുഡിഎഫിനോടുള്ള നിലപാടിൽ അവരാണ് മാറ്റം വരുത്തിയത്. നേരത്തേ എൽഡിഎഫുമായി സഹകരിച്ച ജമാഅത്തെ ഇസ്‍ലാമി ഇപ്പോൾ യുഡിഎഫുമായി സഹകരിക്കുന്നുവെന്ന് മാത്രമെന്ന് ട്വന്റിഫോറിന്റെ ഫോർ ദി പീപ്പിൾ പരിപാടിയിൽ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഖാസിയാകാൻ യോഗ്യതയില്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷവിമർശനത്തിന് ഇതാദ്യമായി സാദിഖലി ശിഹാബ് തങ്ങൾ മറുപടി പറഞ്ഞു. തന്നെ ഖാസിയാക്കിയത് സമുദായ നേതൃത്വമാണെന്നാണ് പ്രതികരണം. വിമർശനം ഉന്നയിക്കുന്നവർ ഓരോരോ നേരത്തേ സമതയത്തെ മനോനില അനുസരിച്ച് പറയുന്നതാണ്. ഇതാണ് എല്ലാവർക്കുമുള്ള മറുപടിയെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഉമർഫൈസിയുടെ വിമർശനം ജിഫ്രി തങ്ങൾ തന്നെ തളളിയിട്ടുണ്ട്. ഉമർ ഫൈസിയുടെ വിമർശനം സമസ്തയുടെ വിമർശമല്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ നിലവിലെ എംഎൽഎമാരിൽ പലരും മാറുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ടേം വ്യവസ്ഥ നടപ്പിലാക്കാതേയും ആളുകളെ മാറ്റാം. എംഎൽ‌എമാരുടെ പ്രകടനവും ജനങ്ങളുമായുള്ള ബന്ധവും മാനദണ്ഡമാകും. ചിലർ സ്വയം മാറാൻ തയ്യാറാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

നിലവിലുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെപ്പറ്റി ലീഗിന്റെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ടെന്ന് സാദിഖലി തങ്ങൾ പറ‍ഞ്ഞു. മുന്നണി ബന്ധവും നേതൃത്വവും ശക്തമാക്കണണം. ഹൈക്കമാന്റിന് കാര്യങ്ങൾ അറിയാമല്ലോയെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു.