നിവാർ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തമിഴ്‌നാട് തീരം തൊടും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്. ചെന്നൈ അടക്കം തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്
കാരയ്ക്കലിൽ നിന്നും പോയ ഒമ്പത് മത്സ്യബന്ധന ബോട്ടുകൾ കാണാതായി. ചുഴലിക്കാറ്റിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിരുന്നു. ചൊവ്വാഴ്ചയാണ് വിലക്ക് മറികടന്ന് ഇവർ കടലിൽ പോയത്. ഒമ്പത് ബോട്ടുകളിലായി അമ്പതോളം തൊഴിലാളികളുണ്ട്.
തമിഴ്‌നാട്ടിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. ട്രെയിൻ-വിമാന സർവീസുകൾ റദ്ദാക്കി. പുതുച്ചേരിയിൽ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തീരമേഖലകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. ദുരന്ത നിവാരണ സേന, നേവി, കോസ്റ്റ് ഗാർഡ് എന്നീ വിഭാഗങ്ങൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.