ശബരിമല സ്വര്‍ണക്കൊള്ളയിൽ, ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയ ജ്വല്ലറി പൂട്ടിയനിലയിൽ. കർണാടക ബെല്ലാരിയിലെ വ്യാപാരി ഗോവർധന്റെ ‘റൊദ്ദം’ ജ്വല്ലറിയാണ് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. ജ്വല്ലറിയിൽ ഉപഭോക്താക്കള്‍ക്ക് ബന്ധപെടാനായി ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്.
എസ്ഐടി സംഘം തെളിവെടുപ്പിനായി നാളെ ബെല്ലാരിയിൽ എത്തിയേക്കും.
ശബരിമല ദ്വാരപാളികളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണ്ണം കർണാടക ബെല്ലാരിയിലെ വ്യാപാരിയായ ഗോവർധനാണ് ഉണ്ണികൃഷണൻ പോറ്റി വിറ്റത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ നൽകിയ മൊഴി.ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും എസ്ഐടി പരിശോധിച്ച് വരികയാണ്. കേസിൽ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. കൂടുതൽ തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യും.
അതിനിടെ ശബരിമല സ്വർണ്ണക്കൊള്ളയിലെ രണ്ടാം പ്രതി മുരാരി ബാബുവിന്റെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തി എസ്ഐടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണ് കണ്ടെത്തിയത്. നാല് മണിക്കൂറോളമാണ് എസ്ഐടി ഉദ്യോഗസ്ഥർ മുരാരി ബാബുവിന്റെ പെരുന്നയിലെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയത്. മുരാരി ബാബുവിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 29ന് കസ്റ്റഡിയിൽ വാങ്ങി മുരാരി ബാബുവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനും എസ്ഐടി ആലോചിക്കുന്നുണ്ട്. അതേസമയം ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടി നടത്തുന്ന തെളിവെടുപ്പ് ഇന്നും തുടരും.








