Headlines

പിഎം ശ്രീ അംഗീകരിച്ചതിനെതിരെ തെരുവിൽ പ്രതിഷേധം കത്തിക്കാൻ ഇടത് വിദ്യാർഥി-യുവജന സംഘടനകളും, തലസ്ഥാനത്ത് ഇന്ന് പ്രതിഷേധം, തിങ്കളാഴ്ച എല്ലാ ജില്ലകളിലും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ, കേരളവും അംഗീകരിച്ചതിൽ ഇടത് മുന്നണിയിലെ പരസ്യ പൊട്ടിത്തെറിക്ക് പിന്നാലെ ഇടത് വിദ്യാർഥി-യുവജന സംഘടനകൾ തെരുവിൽ പ്രതിഷേധം കനപ്പിക്കുന്നു. പിണറായി സർക്കാരിന്‍റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എ ഐ വൈ എഫും എ ഐ എസ് എഫും തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സി പി ഐയുടെ യുവജന – വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പി എം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുന്നത് വരെ പ്രതിഷേധം തുടരുമെന്നും എ ഐ വൈ എഫ് – എ ഐ എസ് എഫ് ഭാരവാഹികൾ വ്യക്തമാക്കി. അതിനിടെ കണ്ണൂരിൽ എ ഐ വൈ എഫ്, മന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചു. ബി ജെ പിയുടെ വർഗിയ അജണ്ടക്ക് സി പി എം കൂട്ടുനിൽക്കുന്നുവെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ മന്ത്രിമാരെ സി പി ഐ പിൻവലിക്കണമെന്ന് എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ വി സാഗർ ആവശ്യപ്പെട്ടു.