Headlines

‘ഹനുമാന്‍ ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍, പുസ്തകങ്ങൾക്കപ്പുറം പാരമ്പര്യത്തെ അറിയണം’; സ്കൂൾ വിദ്യാര്‍ഥികളോട് ബിജെപി നേതാവ് അനുരാഗ് താക്കൂര്‍

ആദ്യമായി ബഹിരാകാശത്തേക്ക് ഹനുമാനാണ് യാത്ര ചെയ്തതെന്ന പരാമർശവുമായി ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശിലെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു താക്കൂര്‍. വിദ്യാർഥികളോട് പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അനുരാഗ് താക്കൂർ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു. ‘പവൻസുത് ഹനുമാൻ ജി….ആദ്യത്തെ ബഹിരാകാശ യാത്രികൻ’ എന്ന് കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
എന്നാൽ 1961 ഏപ്രിൽ 12 ന് ആദ്യമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്തത് സോവിയറ്റ് ബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൻ ആയിരുന്നു. 27 വയസായിരുന്നു യൂറി ഗഗാറിന് അന്ന് പ്രായം. ഗഗാറിന്റെ ബഹിരാകാശ യാത്രയെ അനുസ്മരിച്ച് എല്ലാ വർഷവും ഏപ്രിൽ 12 ന് ബഹിരാകാശ ദിനം ആയി റഷ്യ ആചരിക്കാറുണ്ട്.

‘ഹനുമാന്‍ ജിയാണ് ആദ്യത്തെ ബഹിരാകാശ യാത്രികന്‍,’ എന്ന അടിക്കുറിപ്പോട് തന്‍റെ പ്രസംഗത്തിന്‍റെ വീഡിയോയും അദ്ദേഹം എക്സൽ പങ്കുവച്ചിട്ടുണ്ട്. ‘ആദ്യമായി ബഹിരാകാശത്ത് സഞ്ചരിച്ചത് ആരാണെന്ന് അറിയുമോ’ എന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥികള്‍ വ്യക്തമായ മറുപടി നല്‍കാതെ വന്നതോടെയാണ് മന്ത്രി ഹനുമാനെ കുറിച്ച് സംസാരിച്ചത്.ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ പാരമ്പര്യം, അറിവ്, സംസ്‌കാരം എന്നിവ അറിയാത്തിടത്തോളം കാലം നമ്മള്‍ ബ്രിട്ടീഷുകാര്‍ കാണിച്ചുതന്ന വര്‍ത്തമാന കാലത്ത് തന്നെ തുടരുമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു.