Headlines

‘ഒരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഒരു നിമിഷം വൈകരുത്, രാഹുല്‍ രാജി വയ്ക്കുക തന്നെ വേണം’; ഉമ തോമസ്

രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച ഉമ തോമസ് എംഎൽഎക്കെതിരെ കടുത്ത സൈബർ ആക്രമണം. യൂത്ത് കോൺഗ്രസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും ഉമ തോമസിൻ്റെ ഫേസ്ബുക്കിലുമാണ്’ കോൺഗ്രസ് അനുകൂലികൾ തന്നെ സൈബർ ആക്രമണം നടത്തുന്നത്. താൻ നേരിടുന്ന സൈബർ അക്രമണത്തിൽ പ്രതികരിച്ച് ഉമ തോമസ് MLA രംഗത്തെത്തി.

ജനാധിപത്യ നാട് അല്ലെ ഇത്. എന്റെ പ്രസ്ഥാനം കൂടെ നിൽക്കുമെന്നാണ് വിശ്വാസം. ഒരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അവരുടെ അഭിപ്രായത്തിൽ ഞാൻ കൈകടത്തുന്നില്ല. രാഹുലിനെതിരെ ഇന്നലെ പറഞ്ഞതിൽ കൂടുതൽ ഒന്നുമില്ലെന്നും ഉമാ തോമസ് വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്നായിരുന്നു ഉമ തോമസ് ആവശ്യപ്പെട്ടത്. രാഹുല്‍ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല. പുറത്താക്കാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം. രാഹുലിനെതിരെ പെണ്‍കുട്ടികള്‍ പരാതിനല്‍കാന്‍ തയാറാകണമെന്നും ഉമ തോമസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് രാഹുൽ-ഷാഫി അനുകൂലികളുടെ സൈബർ ആക്രമണം.

മറ്റു പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടത്. കോണ്‍ഗ്രസ് എന്നും സ്ത്രീകളെ ചേര്‍ത്തുപിടിച്ചിട്ടേയുള്ളൂ. ആദ്യം തന്നെ കോണ്‍ഗ്രസ് വളരെ നല്ല നിലപാടാണ് എടുത്തത്. ഔദ്യോഗിക സ്ഥാനത്തുനിന്ന് മാറ്റി. സ്ത്രീകളെ സംരക്ഷിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. ഇങ്ങനെ ഒരാൾ പാർട്ടിയിൽ വേണ്ടെന്നും ഉമാ തോമസ് അറിയിച്ചിരുന്നു.

ജനങ്ങള്‍ തെരഞ്ഞെടുത്താണ് എംഎല്‍എ സ്ഥാനത്ത് എത്തിയത്. ഒന്നിനു പുറകേ ഒന്നായി ആരോപണങ്ങള്‍ ഉയരുമ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്തത്തോടെ രാജി വച്ച് മാറിനില്‍ക്കണം എന്നുതന്നെയാണ് അഭിപ്രായം. ആരോപണം തെറ്റാണെങ്കില്‍ ആ നിമിഷം തന്നെ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു. അതില്ലാത്തതുകൊണ്ട് തന്നെ ഇത് ശരിയാണെന്നാണ് കരുതേണ്ടത്. ഈ മൗനം ശരിയല്ല. ഉത്തരവാദിത്തത്തോടു കൂടി മാറി നില്‍ക്കുകതന്നെ വേണം. പാർട്ടി രാജി ആവശ്യപ്പെടുകതന്നെ വേണമെന്നും ഉമ തോമസ് പറഞ്ഞിരുന്നു.